
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കസ്റ്റംസ്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിൽത്തന്നെ ചികിത്സതേടിയത് ഇതിന്റെ ഭാഗമായിരുന്നു എന്നുമാണ് കസ്റ്റംസ് കോടതിയിൽ പറഞ്ഞത്. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയുടെ നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ അറിയിച്ചത്.
'വൈദ്യപരിശോധനയിൽ ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. വെറും വേദന സംഹാരികൾ കഴിച്ചാൽ മാറാവുന്ന നടുവേദനമാത്രമാണ് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾത്തന്നെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ചോദ്യംചെയ്യൽ ഒഴിവാക്കാനാണ് അസുമുളളതായി ഭാവിച്ചത്.ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും '- കസ്റ്റംസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കസ്റ്റംസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് കസ്റ്റംസ് പറയുന്നുണ്ട്. വെളളിയാഴ്ചയാണ് ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം,ലൈഫ് മിഷൻ കേസ് അന്വേഷണത്തിൽ വിശദമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുളള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുളള അനുവാദം വേണമെന്നുമുളള ആവശ്യവുമായാണ് സി.ബി.ഐ ഹൈക്കോടതിയിൽ എത്തിയത്. എതിർ സത്യവാങ്മൂലം എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ എതിർ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. വകുപ്പുതല കാര്യമായതിനാൽ ആണ് കാലതാമസം എന്നും സി.ബി.ഐ വിശദീകരിച്ചു. എന്നാൽ പിന്നെ എന്തിനാണ് വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.