
ഇന്റർനെറ്റ് മീമുകൾ സിനിമയെ ഉപജീവിക്കുന്നതുപോലെ ജനപ്രിയ സംസ്‌കാരത്തിനെ ( Popular Culture ) പിൻപറ്റിയാണ് ദിനപ്പത്രങ്ങളിലെ ഭൂരിഭാഗം കാർട്ടൂണുകളും ആശയവിനിമയം ചെയ്യുന്നത് എന്ന് ഇതിനു മുമ്പ് പലയിടത്തും സൂചിപ്പിച്ചല്ലോ. പുരാണം,സംസ്‌കാരം,ചരിത്രം, കല,സാഹിത്യം,പഴഞ്ചൊല്ലുകൾ,സിനിമ,ടി.വി. ഷോകൾ, പരസ്യങ്ങൾ, ന്യൂസ് ഫോട്ടോഗ്രാഫുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ മനസിൽ നിശ്ചയമായും ഉണ്ടാകുമെന്നു ഉറപ്പുള്ള ദൃശ്യങ്ങളിലേക്ക് സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ ബന്ധപ്പെടുത്തിയാണ് ദിനപ്പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് പലപ്പോഴും ആശയവിനിമയം സാദ്ധ്യമാക്കുന്നത്.
മലയാളത്തിലെ മിക്ക കാർട്ടൂണിസ്റ്റുകളും ആശയവിനിമയത്തിന്റെ എളുപ്പത്തിനു വേണ്ടി ഈ രീതി പിൻതുടരാറുണ്ട്. ഇത്തരത്തിൽ ജനപ്രിയസംസ്‌കാരവുമായി ബന്ധപ്പെട്ട് കാർട്ടൂണിസ്റ്റ് തെരഞ്ഞെടുക്കുന്ന സന്ദർഭമോ ദൃശ്യമോ വായനക്കാരനു മനസിലായില്ലെങ്കിൽ കാർട്ടൂൺ പരാജയപ്പെടുകയും ചെയ്യും.
കാർട്ടൂൺ കാണുമ്പോൾ തന്നെ അത് വായനക്കാരനു മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയണം എന്നാണ് പ്രശസ്‌ത കാർട്ടൂണിസ്റ്റ് ശങ്കർ തന്റെ ശിഷ്യരോട് പറഞ്ഞിരുന്നത്. കാർട്ടൂണിന്റെ ആശയം പിടികിട്ടാതെ വായനക്കാരൻ ടാക്‌സി പിടിച്ചു ബ്രിട്ടീഷ് ലൈബ്രറിയിൽ പോയി, ഷേക്‌സ്‌പിയർ കൃതികളിൽ തിരഞ്ഞ് മാർക്ക് ആന്റണി ബ്രൂട്ടസിനോട് എന്താണ് പറഞ്ഞതെന്ന് മനസിലാക്കി തിരിച്ചു വന്നു കാർട്ടൂൺ ഒത്തു നോക്കി ആശയം മനസിലാക്കുന്നതിൽ അർത്ഥമില്ല എന്നായിരുന്നു ശങ്കറിന്റെ മനോഭാവം. കാർട്ടൂൺ സാധാരണക്കാർക്ക് മനസിലാകണമെങ്കിൽ കാർട്ടൂണിൽ പരാമർശിക്കുന്ന സാഹിത്യസന്ദർഭമോ മറ്റോ അത്രമേൽ ജനകീയമായിരിക്കണം എന്നാണ് ശങ്കർ ഉദ്ദേശിച്ചത്.

കാർട്ടൂൺ എളുപ്പത്തിൽ സംവേദനക്ഷമമാകാൻ വേണ്ടി ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ഇത്തരം ദൃശ്യങ്ങളിലേക്ക് പ്രതിനിർദ്ദേശങ്ങൾ( Cross reference ) നൽകുന്ന രീതിയാണ് ജനപ്രിയ കാർട്ടൂണിസ്റ്റുകൾ പ്രത്യേകിച്ചും ദിനപ്പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകൾ പിൻതുടരുന്നത്. ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് സിനിമാ പേരുകൾ, സിനിമാഗാനങ്ങൾ, ജനപ്രിയ സിനിമാ സന്ദർഭങ്ങൾ എന്നിവയെയെല്ലാം കാർട്ടൂണുകളിൽ പരാമർശിക്കാറുണ്ട്. മിക്ക ഇന്റർനെറ്റ് മീമുകളും ജനപ്രിയ സിനിമകളുമായി ബന്ധപ്പെടുത്തി ആശയവിനിമയം സാദ്ധ്യമാക്കുന്ന രീതിയാണ് പിന്തുടരുന്നത്.
സിനിമയിൽ നിന്നു മാത്രമല്ല പുരാണം, സാംസ്‌കാരികം, ചരിത്രം, കല, സാഹിത്യം, പഴഞ്ചൊല്ലുകൾ, നാടൻശൈലികൾ, ടിവി ഷോകൾ, പരസ്യങ്ങൾ, കുട്ടികൾക്കായുള്ള പസിൽസ്, പ്രശസ്‌തമായ ന്യൂസ് ഫോട്ടോഗ്രാഫുകൾ, മാപ്പുകൾ, സയൻസ് തുടങ്ങി ഒരുപാടു വിഷയങ്ങളിൽ നിന്നും കാർട്ടൂണിസ്റ്റ് ഇത്തരം റഫറൻസുകൾ സ്വീകരിക്കാറുണ്ട്. ഹിന്ദുപുരാണങ്ങൾ, ക്രിസ്‌ത്യൻ പുരാണങ്ങൾ, ഗ്രീക്ക് പുരാണങ്ങൾ തുടങ്ങിയവയിൽ നിന്നും കാർട്ടൂണിസ്റ്റ് സ്ഥിരമായി ആശയം കണ്ടെത്തുന്നതായി കാണാം.
പുരാണങ്ങളിൽ നിന്ന് കാർട്ടൂൺ സന്ദർഭങ്ങൾ കണ്ടെത്തിയതിന് ഉദാഹരണങ്ങളാണ് ഇത്തവണ.
മലയാളികളുടെ മനസിൽ നിശ്ചയമായും ഉണ്ടാകുമെന്നു ഉറപ്പുള്ളതു കൊണ്ട് മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തുന്ന ദൃശ്യം ഒരുപാടു തവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റായ ജോർജ്ബുഷ് ഇന്ത്യൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിനെ ചവിട്ടി താഴ്‌ത്തുന്നതും അതേ ചിത്രത്തിൽ തന്നെ മൻമോഹൻസിംഗ് ഇടതു മുന്നണിയെ ചവിട്ടി താഴ്‌ത്തുന്നതും കാർട്ടൂണായി.
ഒരു ഓണക്കാലത്താണ് ഇടതുമന്ത്രിസഭയിലെ അംഗമായ പി.ജെ. ജോസഫ് ആകാശവിവാദത്തിൽ അഥവാ വിമാന യാത്രാ വിവാദത്തിൽ പെട്ട് രാജി വച്ചത്.പി.ജെ. ജോസഫിനു പകരം മന്ത്രിയായ ടി.യു. കുരുവിളയ്‌ക്ക് അടുത്ത വർഷം ഭൂമി വിവാദത്തിൽ പെട്ടു രാജി വെക്കേണ്ടിവന്നു.
മൂന്നടി മണ്ണ് അളന്നെടുക്കാൻ മഹാബലിയിൽ നിന്നും അനുവാദം വാങ്ങിയ വാമനൻ ആദ്യ കാലടി കൊണ്ട് ഭൂമിയും രണ്ടാമത്തെ അടി കൊണ്ട് ആകാശവും അളന്നെടുത്ത കഥ മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ആകാശം എന്ന ദൃശ്യത്തിൽ പി.ജെ. ജോസഫിനെയും ഭൂമി എന്ന ദൃശ്യത്തിൽ പി.യു. കുരുവിളയേയും ചവിട്ടി താഴ്‌ത്തുന്നതായിരുന്നു കാർട്ടൂൺ. ഒരുപാട് തവണ ആവർത്തിച്ച മറ്റൊരു ചിത്രം കൃഷ്‌ണൻ ഗോപികമാരുടെ വസ്ത്രം കവർന്ന് മരക്കൊമ്പിൽ തൂക്കിയിടുന്നതാണ്.
രാജ്യസഭയിൽ വനിതാബില്ലിനെ ഏറ്റവും എതിർത്തത് സമാജ് വാദി പാർട്ടിയുടെ മുലായം സിംഗ് യാദവ്, ആർ.ജെ.ഡിയുടെ ലാലുപ്രസാദ് യാദവ്, ജനതാദളിന്റെ ശരത് യാദവ് എന്നിവരായിരുന്നു. 'യാദവരുടെ' എതിർപ്പിനെ മറികടന്നു കൊണ്ട് വനിതാബിൽ പാസായ സന്ദർഭം സൂചിപ്പിക്കാനായി കൃഷ്‌ണൻ ഗോപികമാരുടെ വസ്ത്രങ്ങൾ കവർന്നതിനു പകരം യാദവരുടെ വസ്ത്രങ്ങൾ കവർന്ന ഗോപികമാരായി മീരാകുമാർ, സുഷമാസ്വരാജ്, സോണിയാ ഗാന്ധി എന്നിവരെ ചിത്രീകരിച്ച് പുരാണത്തിന്റെ തിരിച്ചിടൽ നടത്താൻ കാർട്ടൂണിൽ സാധിച്ചു.
യു.ഡി. എഫ് സർക്കാരിനെ പിടിച്ചുകുലുക്കിയ സോളാർ വിവാദത്തെക്കുറിച്ചുള്ള റപ്പോർട്ട് നിയമസഭയിൽ ചർച്ചയായ സമയത്ത് വിവാദത്തിൽ കുടുങ്ങിയ യു.ഡി.എഫ് നേതാക്കളുടെ വസ്ത്രങ്ങൾ കവർന്ന വിവാദ നായികയുടെ ചിത്രം 'കഥാസരിതസാഗരം' എന്ന പേരിൽ കാർട്ടൂൺ ആയതും ഇതേ തിരിച്ചിടലിലൂടെയാണ്.
പുരാണസന്ദർഭങ്ങൾ കാർട്ടൂണിൽ കടന്നുവന്നതിന്റെ കൂടുതൽ ഉദാഹരണങ്ങൾ അടുത്ത ലക്കത്തിൽ.