
(അഞ്ചാം ശ്ളോകം)
മേലായ മൂലമതിയാലാവൃതം ജനനി!
നീലാസ്യമാടിവിടുമീ
കീലാലവായ് വനല കോലാഹലം ഭുവന-
മാലാപമാത്രമഖിലം;
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്ത നിലയേ !
സാരം: - സർവതിനും ഉന്നതമായതും മൂലകാരണവുമായ ബ്രഹ്മസത്തയാൽ ഈ പ്രപഞ്ചം അകവും പുറവും നിറഞ്ഞു കവിഞ്ഞിരിക്കപ്പെട്ടിരിക്കുന്നു.അല്ലയോ മായാ സ്വരൂപിണിയായ ദേവീ ആരെയും മയക്കുന്ന നിന്റെ ലാസ്യ നൃത്തത്തിലൂടെ സൃഷ്ടമായ പഞ്ചഭൂതങ്ങളാൽ കൂടിക്കലർന്ന് ആയിരക്കണക്കിന് നാമരൂപങ്ങളും അസംഖ്യം വിഷയങ്ങളുമായ് ചേർന്ന് കോലാഹലമായ ഈ പ്രപഞ്ചം മുഴുവൻ ഒരു ഗാനസദൃശമാകുന്നു. കാല ദേശ നിമിത്തങ്ങളാകുന്ന ബലഹീനമായ ഒരു വസ്ത്രം കൊണ്ട് അമ്മേ നീ ശരീരമാകെ മറച്ചിട്ട് പരമകാരണമായ ബ്രഹ്മത്തിൽ ആരൂഢയായിരിക്കുന്നു.തൻ നിമിത്തം സത്യമെന്തെന്ന് ആരും അറിയുന്നുമില്ല.ആഗമ ശാസ്ത്രത്തിന്നന്ത്യത്തിൽ നിലയുറപ്പിച്ച അല്ലയോ ബ്രഹ്മസ്വരൂപി !
വ്യാഖ്യാനം - സ്വാമി പ്രണവസ്വരൂപാനന്ദ,
ശ്രീനാരായണ തപോവനം, ചേർത്തല, ആലപ്പുഴ.