beauty

ഈ കൊവിഡ് കാലത്ത് സൗന്ദര്യം തേടി ബ്യൂട്ടിപാർലറുകളിൽ പോയി കാത്തിരിക്കേണ്ട. വീട്ടിൽ നിന്ന് തന്നെ സൗന്ദര്യം കണ്ടെത്താവുന്നതേയുള്ളൂ.

ചെറുപയർ ഫേസ്‌ പാക്ക്

ഈ ഫേസ്‌പാക്ക് നശിച്ച ചർമ്മകോശങ്ങളെ നീക്കം ചെയ്‌ത് ചർമ്മത്തിന് തെളിച്ചം നൽകും. ചെറുപയറിൽ ധാരാളം വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമുള്ളതാക്കും. മഞ്ഞൾ ചർമ്മത്തിന്റെ മങ്ങിയ നിറം മാറ്റി പാടുകൾ അകറ്റും. രണ്ടു ടേബിൾ സ്‌പൂൺ ചെറുപയർ, അരടേബിൾ സ്‌പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്‌പൂൺ അരിപ്പൊടി എന്നിവ എടുക്കുക. തേൻ, തൈര്, അല്ലെങ്കിൽ പാൽ ഏതാണോ നിങ്ങൾക്ക് ഇണങ്ങുന്നത് അതു ചേർത്ത് കുഴമ്പു രൂപത്തിലുള്ള മിശ്രിതം തയ്യാറാക്കുക. മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയണം. തിളങ്ങുന്ന മൃദുലമായ ചർമ്മം ലഭിക്കും.

എള്ള് - മഞ്ഞൾ ഫേസ്‌പാക്ക്

എള്ളിൽ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുലവും നനവുള്ളതുമാക്കും. കൂടാതെ മുഖക്കുരുവിന്റെ പാടുകളും അകറ്റും. ബാക്‌ടീരിയകളെയും ഫംഗസുകളെയും എതിർക്കാനുള്ള ശേഷിയും ഇതിനുണ്ട്. കറുത്ത എള്ള് ചർമ്മ സംരക്ഷണത്തിനുള്ള നിരവധി ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. ഫേസ്‌പാക്ക് തയ്യാറാക്കുന്നതിന്, എള്ളെണ്ണയും ഏതാനും തുള്ളി ആപ്പിൾ സിഡർ വിനഗറും കുറച്ച് വെള്ളവും ചേർത്തിളക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനുട്ടുകൾക്ക് ശേഷം കഴുകി കളയുക. തിളങ്ങുന്ന ചർമ്മം ലഭിക്കും.

ചന്ദനം - റോസ് വാട്ടർ ഫേസ്‌പാക്ക്

ചർമ്മ സംരക്ഷണത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്ന ചേരുവയാണ് ചന്ദനം. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ചന്ദനം ചർമ്മത്തിൽ കുരുക്കൾ വരുന്നത് തടഞ്ഞ് രക്തയോട്ടം മെച്ചപ്പെടുത്തും. മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്‌നങ്ങൾക്കും പരിഹാരം നൽകും. തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിന് ചന്ദന ഫേസ്‌പാക്ക് തയ്യാറാക്കാം. ചന്ദന പൊടി, മഞ്ഞൾ, റോസ് വാട്ടർ എന്നിവ ചേർത്തിളക്കി മുഖത്ത് പുരട്ടാം. മഞ്ഞൾ വേണ്ട എന്നുണ്ടെങ്കിൽ മറ്റ് രണ്ട് ചേരുവകൾ മാത്രം ചേർത്തിളക്കുക.