
കാഞ്ഞങ്ങാട്: പേര് പറഞ്ഞാൽ അപരിചിതർ പലരും നെറ്റി ചുളിക്കും. പരിഹസിച്ചതാണെന്ന് തെറ്റിദ്ധരിച്ച് ചിലർ പിണങ്ങി പോലും. അച്ഛനും അമ്മയും ചേർന്ന് ഇട്ടുതന്ന പേരുകൊണ്ട് പൊല്ലാപ്പായിരിക്കുകയാണ് ഒരു തമിഴ്നാട് സ്വദേശിയ്ക്ക്. വെള്ളരിക്കുണ്ടിൽ ജെ.സി.ബി ഡ്രൈവറായ ഈ കൃഷ്ണഗിരി ഊരുകാരന്റെ പേര് കോടിശ്വരൻ എന്നാണ്.
രണ്ടു വർഷമായി മലയോരത്ത് എത്തിയിട്ട്. കൃഷ്ണ ഗിരിയിലെ പടവെട്ടന്റെ മകനാണ് 26 വയസുള്ള കോടീശ്വരൻ . കഴിഞ്ഞ പത്തു വർഷമായി പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കോടീശ്വരൻ ഇപ്പോൾ രണ്ടു വർഷമായി വെള്ളരിക്കുണ്ടിലെ ജുൽകു കമ്പനിയിൽ തൊഴിലാളിയാണ്. എന്താണ് പേര് എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കോടീശ്വരൻ എന്ന് പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ലെന്നു കോടീശ്വരൻ പറയുന്നു.
കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷവുമായി ഞാൻ കോടീശ്വരൻ എന്ന് പറയുന്ന ഈ യുവാവിനെ ആളുകൾ കളിയാക്കി ചിരിക്കുമ്പോൾ കയ്യിൽ കരുതിയ തിരിച്ചറിയൽ കാർഡ് എടുത്ത് കാണിക്കേണ്ട സ്ഥിതിയിലാണ് ഇയാൾ. പടവെട്ടന്റെയും റാണിയുടേയും രണ്ടു മക്കളിൽ മൂത്ത മകനാണ് കോടീശ്വരൻ. ദിവസേനയുള്ള ജോലി കഴിഞ്ഞ് അടുത്തുള്ള ചായ കടയിലേക്ക് ചായ കുടിക്കാൻ കോടീശ്വരൻ എത്തുമ്പോൾ കോടീശ്വരന് ഒരു ചായ എന്ന് കടക്കാരൻ പറയുമ്പോൾ കേൾക്കുന്നവർ അന്തം വിടും. പിന്നെയും തുടങ്ങും പരിഹാസം.