
രാജ്യത്ത് ഇപ്പോൾ ഉത്സവ സീസണാണ്. നവരാത്രി, ദസറ എന്നീ ഉത്സവങ്ങളിലൂടെ ആരംഭിക്കുന്ന ഇക്കാലത്ത് മികച്ച ഉൽപന്നങ്ങൾ രാജ്യമാകെയുളള ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഓരോ കമ്പനിയും പുതിയ വിൽപന തന്ത്രങ്ങൾ തന്നെ പ്രയോഗിക്കുന്നുണ്ട്. വാഹന നിർമ്മാതാക്കളും അതിൽ ഒട്ടും പിന്നിലല്ല.ആവശ്യക്കാരന്റെ ഇഷ്‌ടങ്ങളെ പ്രോത്സാഹിപ്പിച്ച് തങ്ങളുടെ വാഹനങ്ങൾ കൂടുതൽ ചിലവഴിക്കാനാണ് എല്ലാ വാഹന നിർമ്മാതാക്കളുടെയും ശ്രമം. ടിവിഎസ് കമ്പനി ഇന്ന് തങ്ങളുടെ പ്രമുഖ 125സിസി സ്‌കൂട്ടറായ എൻ ടോർക്ക് 125 'സൂപ്പർ സ്‌ക്വാഡ് എഡിഷൻ' പുറത്തിറക്കിയിരിക്കുകയാണ്. മാർവെൽസിന്റെ അവഞ്ചേഴ്‌സ് തീമുമായാണ് എൻ ടോർക്ക് 125ന്റെ വരവ്.

ലിമിറ്റഡ് എഡിഷൻ എൻ ടോർക്ക് 125ന് എക്‌സ് ഷോറൂം വില 77865 രൂപയാണ്. ഡൽഹിയിലെ എക്‌സ് ഷോറും വില 75,365 രൂപയാണ്. നിലവിൽ അഞ്ച് ലക്ഷത്തിലേറെ യൂണിറ്റ് സ്‌കൂട്ടറുകൾ വിൽപന നടന്ന എൻ ടോർക്ക് ടിവിഎസിന്റെ മികച്ച സ്‌കൂട്ടറുകളിൽ ഒന്ന് തന്നെയാണ്. അവഞ്ചേഴ്‌സ് ചിത്രം ഉടനെങ്ങും റിലീസ് ഇല്ലെങ്കിലും ഇന്ത്യയിലെ ചിത്രത്തിന്റെ പ്രസിദ്ധി തന്നെയാണ് ഈ മോഡൽ പരീക്ഷിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

റേസ് എഡിഷൻ എൻ ടോർക്ക് 125ന് സ്‌റ്റാൻഡർഡ് എൽഇഡി ഹെഡ്‌ലൈറ്റുകളാണുളളത്. ഫ്യുവൽ ഇൻജക്ഷൻ സാങ്കേതികവിദ്യയോടെയുളള സിംഗിൾ സിലിണ്ടർ 124.8സിസി എഞ്ചിനാണ് എൻ ടോർക്കിന്.7000 ആർപിഎമ്മിൽ 9.1പിഎസ് പരമാവധി ശക്തി നൽകാൻ പര്യാപ്‌തമാണ്. 5500 ആർപിഎമ്മിൽ 10.5 എൻഎം പരമാവധി ടോർക്കും. പഴയ ബിഎസ്4 എഞ്ചിൻ വണ്ടിയെക്കാൾ 0.1 കുറവ് ഔട്ട്പുട്ടാണ് എൻ ടോർക്ക് 125ന്. സ്‌മാർട്ട്ഫോൺ ആപ്പുമായി ബന്ധിപ്പിക്കാവുന്ന ബ്ളൂടൂത്ത് കണക്‌ടിവിറ്റി സിസ്‌റ്റവും എൻ ടോർക്ക് 125നുണ്ട്.