
44ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഒ.തോമസ് പണിക്കർ നിർമ്മിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായികയായി ഗീതു മോഹൻദാസിനെ(മൂത്തോൻ ) തിരഞ്ഞെടുത്തു. മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനായി. മഞ്ജുവാരിയരാണ് മികച്ച നടി (ചിത്രം: പ്രതി പൂവൻകോഴി) .ബിരിയാണിയുടെ തിരക്കഥയ്ക്ക് സജിൻ ബാബുവിനെ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്തു. സമഗ്ര സംഭാവനകളെ മാനിച്ച് ചലച്ചിത്രരത്നം പുരസ്കാരം മുതിർന്ന സംവിധായകൻ ഹരിഹരന് നൽകും.മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ, പ്രഫ. ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ . 40 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.