
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കൊവിഡ‌് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്നലെവരെ 50,838 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇതേസമയം, 25,524 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. അതേസമയം, ഇതിനൊപ്പം രോഗമുക്തി നിരക്കിൽ വർദ്ധന ഉണ്ടായതും തലസ്ഥാനത്തിന് ആശ്വാസം പകരുന്നതാണ്.
തീവ്രവ്യാപന ഘട്ടം പിന്നിട്ടു
തലസ്ഥാനത്ത് കൊവിഡിന്റെ തീവ്രവ്യാപനഘട്ടം പിന്നിട്ടു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ഇതാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിദഗ്ദ്ധർ പറയുന്നു. ഇതോടൊപ്പം രോഗമുക്തി നിരക്കും വർദ്ധിച്ചിട്ടുണ്ട്. 18 ദിവസത്തിനിടെ 17,233 പേർ രോഗമുക്തി നേടി. ഇക്കാലത്ത് 15,031 പേർക്ക് മാത്രമെ രോഗം ബാധിച്ചുള്ളൂ എന്നതും ആശ്വാസത്തിന് വക നൽകുന്നതാണ്. ഈ മാസം 10 വരെ 3,107 പേർക്ക് രോഗം ബാധിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ നിരക്ക് 9011 ആയിരുന്നു. ഒന്നിനും 10നും ഇടയിൽ രോഗമുക്തി നിരക്ക് 65 ശതമാനത്തിൽ നിന്ന് 72 ശതമാനമായി ഉയരുകയും ചെയ്തു. നിലവിൽ 78.7 ശതമാനമാണ് രോഗമുക്തി നിരക്ക്.
സമ്പർക്കവ്യാപനം ഇപ്പോഴും വെല്ലുവിളി
രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും സമ്പർക്കവ്യാപനം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 357 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. സമ്പർക്കവ്യാപന തോത് കുറയ്ക്കുന്നതിനാണ് ആരോഗ്യവകുപ്പ് പ്രാമുഖ്യം നൽകുന്നത്. അതിനുള്ള കർശന നടപടികൾ തുടർന്നും സ്വീകരിക്കാനാണ് തീരുമാനം.
ആശ്വസിച്ച് ജില്ലാഭരണകൂടം
ഒരുവേള രോഗികളുടെ എണ്ണം 1000ന് പുറത്തുപോയപ്പോൾ ജില്ലാഭരണകൂടം ആശങ്കയുടെ മുൾമുനയിലായിരുന്നു. രോഗവ്യാപനം തടയുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഒന്നും തന്നെ ഫലിക്കാതെ വന്നതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ജില്ലാഭരണകൂടം. എന്നാൽ, നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ അരയും തലയും മുറുക്കി ജില്ലാഭരണകൂടം രംഗത്തിറങ്ങിയതോടെ സ്ഥിതി മാറി. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നതെന്ന് ജില്ലാകളക്ടർ നവജ്യോത് ഖോസ പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ രോഗമുക്തി നിരക്കിനെക്കാൾ ഉയർന്നതാണ് ജില്ലയിലെ രോഗമുക്തി നിരക്ക്, 72%. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെ കണ്ടെയ്‌ൻമെന്റ് സോണുകൾ ശാസ്ത്രീയ രീതിയിൽ നിശ്ചയിച്ചതും ശക്തമായ ക്വാറന്റൈൻ സംവിധാനങ്ങളുമാണ് ജില്ലയിലെ രോഗനിരക്ക് കുറയാൻ ഇടയാക്കിയതെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.