
സ്വന്തം കുഞ്ഞിന് പേരിട്ടതിന്റെ പേരിൽ സ്വിസ് ദമ്പതികൾക്ക് 18 വർഷത്തേയ്ക്ക് സൗജന്യ വൈ-ഫൈ സേവനം. സ്വിറ്റ്സർലന്റിലെ ഇന്റർനെറ്റ് സേവനദാതാവായ ട്വിഫിയാണ് കുട്ടികൾക്ക് കമ്പനിയുടെ പേര് നൽകിയാൽ സൗജന്യ വൈ-ഫൈ നൽകുമെന്ന് പ്രഖ്യാപിച്ചത്. ആൺകുട്ടികൾക്ക് ട്വിഫുസ് എന്നും പെൺകുട്ടികൾക്ക് ട്വിഫിയ എന്നും നാമകരണം ചെയ്യണമെന്നതായിരുന്നു കമ്പനിയുടെ നിബന്ധന. കുട്ടിയുടെ ബെർത്ത് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം  ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ഇതുപ്രകാരം പെൺകുട്ടിക്ക് ട്വിഫിയ എന്ന് പേരിട്ട പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ദമ്പതികൾക്കാണ് 18 വർഷത്തെ സൗജന്യ വൈ-ഫൈ സേവനം ലഭിച്ചത്.
പെൺകുട്ടിയുടെ മിഡിൽ നെയിം ട്വിഫിയ എന്നാക്കിയാണ് ഇവർ സമ്മാനം നേടിയത്. വീട്ടിൽ ഇന്റർനെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വലുതാകുമ്പോൾ ആ തുക ഉപയോഗിച്ച് അവൾക്ക് ഒരു കാർ വാങ്ങി നൽകുമെന്നും മാതാപിതാക്കൾ പറഞ്ഞു.