keri

കെന്റ്: പ്രിസൺ ഓഫീസർ പ്രണയിച്ചത് തടവുകാരനെ. അതിലൊരു കുഞ്ഞും പിറന്നതോടെയാണ് പ്രണയ വിവരം പുറത്തായത്. ലണ്ടനിലെ കെന്റണിലാണ് ജയിൽ അധികൃതയും തടവുകാരനുമായുള്ള പ്രണയം പ്രശ്നമായത്. 26കാരിയായ കേരിയൻ സ്റ്റീഫൻസൺ ആണ് വിവാദ പ്രണയകഥയിലെ നായിക. അശ്രദ്ധമായി കാർ ഓടിച്ച് ആളെ കൊന്നതിനാണ് ടേറ്റ് എന്ന 34കാരനെ കോടതി 18 വർഷം തടവിന് ശിക്ഷിച്ചത്. ഇതിൽ എട്ടു വർഷം ടേറ്റ് പൂർത്തിയാക്കിയപ്പോഴാണ് കേരിയൻ സ്റ്റീഫൻസണെന്ന പ്രിസൺ ഓഫീസറെ കണ്ടതും പ്രണയിച്ചതും. 2018 സെപ്തംബർ ഒന്നിനു തുടങ്ങിയ ബന്ധം 2019 ജനുവരി 8വരെ വളരെ രഹസ്യമായി തുടരാൻ ഇരുവർക്കും കഴിഞ്ഞു. കേരിയൻ ഗർഭിണിയായ ശേഷമാണ് ഇവരുടെ പ്രണയം അധികൃതർ അറിഞ്ഞത്. അപ്പോഴും കാമുകൻ തിരശീലയ്ക്കു പിന്നിലായിരുന്നു. കേരിയൻ സ്റ്റീഫൻസൺ സ്വഭാവ ദൂഷ്യത്തിന് ജയിലിലായി. ഇതുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടെയാണ് തന്റെ കുഞ്ഞിന്റെ പിതാവ് ഒരു തടവു പുള്ളിയാണെന്ന വിവരം കേരിയൻ പുറത്തുവിട്ടത്. മൊബൈൽ ഫോണിലൂടെയായിരുന്നു ഇരുവരും കൂടുതൽ അടുത്തത്. അനധികൃതമായി ഇലക്ട്രോണിക് ഉപകരണം കൈവശം വച്ചതിനും സ്വഭാവ ദൂഷ്യത്തിനുമുള്ള ശിക്ഷ നവംബർ 12ന് മെയ്ഡ് സ്റ്റോൺ ക്രൗൺ കോടതി വിധിക്കുമെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒന്നര വയസായ കുഞ്ഞിന്റെ സുരക്ഷ കൂടി കണക്കിലെടുത്താകും വിധിയെന്ന് കേരിയന്റെ അഭിഭാഷകൻ പറഞ്ഞതായും പത്രം റിപ്പോർട്ട് ചെയ്യുന്നു. കേരിയന് ജയിൽ ശിക്ഷ വിധിച്ചാൽ കുഞ്ഞിനെ കേരിയന്റെ മാതാപിതാക്കൾക്കൊപ്പം വിടാനാണ് സാദ്ധ്യതയെന്നും അഭിഭാഷകൻ പറയുന്നു.