biriyani

ചെന്നൈ: ബിരിയാണി ഷോപ്പ് ഉദ്ഘാടന ദിവസം ഉപഭോക്താക്കൾക്ക് മുന്നിൽ കച്ചവട തന്ത്രവുമായെത്തിയ ഉടമ ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ.

പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി നൽകിയ സാഹിർ ഹുസൈനെന്ന 29കാരനെയാണ് കടയുടെ മുന്നിൽ ആളുകൾ കൂട്ടം കൂടിയതോടെ തമിഴ്നാട് വിരുധുനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് സാഹചര്യത്തിൽ പകർച്ച വ്യാധി നിയമം പ്രകാമാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈയിൽ സാഹിർ ഹുസൈൻ ബിരിയാണി ഷോപ്പ് തുറന്നത്. ഉദ്ഘാടന ദിവസം പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി നൽകുമെന്ന് നേരത്തെ പരസ്യം ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രണ്ട് മണിക്കൂർ നേരത്തേക്കാകും ഓഫറെന്നായിരുന്നു പരസ്യം.

ഇതോടെ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആളുകൾ ബിരിയാണി ഷോപ്പിന് മുന്നിൽ തടിച്ചുകൂടി. ആളുകളുടെ നിര റോഡിലേക്ക് നീണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്.

വലിയ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിൽ 2500 ബിരിയാണി പാക്കറ്റുകളാണ് കടയിൽ തയ്യാറാക്കിയത്. ഇതിൽ 500 എണ്ണം വിറ്റപ്പോഴേക്കും പൊലീസെത്തി ആളുകളെ നീക്കി. സാഹിറിനെ കസ്റ്റഡിയിലെടുത്തു. ഇതോടെ ബാക്കി വന്ന ബിരിയാണി പാക്കറ്റുകൾ പാവങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിതരണം ചെയ്യാൻ പൊലീസ് തന്നെ മുന്നിട്ടിറങ്ങി.