
ലിമ: മലമുകളിൽ ഒരു പൂച്ചയെന്നത് അത്ര പുതുമയുള്ള വിഷയമല്ല. എന്നാൽ, ആ പൂച്ചയുടെ പ്രായം 2000 ആണെന്ന് കേൾക്കുമ്പോഴോ... സംഗതി അങ്ങ് പെറുവിലാണ്. നാസ്ക മരുഭൂമിയിലെ പർവതത്തിനു മുകളിലാണ് ആ പൂച്ചയുള്ളത്. ജീവനുള്ള പൂച്ചയല്ല. പൂച്ചയുടെ കൊത്തിവച്ച രൂപം. കഴിഞ്ഞ ദിവസമാണ് പെറുവിലെ പുരാവസ്തു ഗവേഷകർ 121 അടി ഉയരമുള്ള പൂച്ച മാതൃകയെന്ന കലാസൃഷ്ടി കണ്ടെത്തിയത്. പർവതത്തിനു മുകളിലേക്ക് സന്ദർശകർക്കുള്ള വഴി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് കണ്ടെത്തൽ നടന്നത്. പ്രാചീന കാലത്ത് പ്രത്യേകതരം പാറ ഉപയോഗിച്ചാണ് പൂച്ചയുടെ രൂപം നിർമ്മിച്ചിരിക്കുന്നത്. ഇതിനെ ജിയോഗ്ളിഫെന്നാണ് പൊതുവിൽ പറയുക. പുരാതന കാലത്ത് പാരാക്കാസ് സമൂഹത്തിലാണ് ഇത്തരം കലാസൃഷ്ടികൾ കണ്ടിട്ടുള്ളതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇപ്പോൾ ചിത്രത്തിന്റെ കുറച്ചുമാത്രമേ കാണാൻ കഴിയുന്നുള്ളൂ. സ്ഥലത്തിന്റെ ചരിവും മണ്ണൊലിപ്പും കാരണം രൂപം പലയിടത്തും അപ്രത്യക്ഷമാവുകയാണ്. ഇത് സംരക്ഷിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പുരാവസ്തു വകുപ്പ് പറയുന്നു. എന്തായാലും പൂച്ച മല ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിൽ പെറുവിലെ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള നിർമ്മിതികൾ കണ്ടെത്തിയിരുന്നതായി ഗവേഷകർ പറയുന്നു. കുരങ്ങൻ, വേഴാമ്പൽ, അണ്ണാൻ തുടങ്ങിയവയുടെ രൂപങ്ങളായിരുന്നു കൂടുതലായും ജിയോഗ്ളിഫ് ചെയ്തിരുന്നതത്രേ.