
കൊച്ചി: സർക്കാർ ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കാൻ എടുത്ത തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിലംനികത്തൽ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ രൂക്ഷ വിമർശനം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കാനുളള സർക്കാർ നീക്കം ജീവനക്കാരുടെ സംഘടന എന്ന സംഘടിത വോട്ട് ബാങ്കിനെ പേടിക്കുന്നതുകൊണ്ടാണ്.
മുൻപ് നിലംനികത്താൻ ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം നൽകിയാൽ മതിയായിരുന്നു എന്നാൽ ഇപ്പോൾ ഇത് പരിഷ്‌കരിച്ച് ഭൂമിയുടെ പരിസരത്ത് ഏറ്റവും ഉയർന്നവിലയ്‌ക്ക് രജിസ്‌റ്റർ ചെയ്‌ത വിലയുടെ 20 ശതമാനം നൽകണമെന്നാക്കി.ഇത് മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്. സാധാരണക്കാരായ ജനങ്ങൾക്ക് ഇത് ഭാരമാണെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ പിഴ ചുമത്തുന്ന നടപടികളും ഇതേ ഉദ്ദേശത്തിലുളളത് തന്നെയാണെന്നും കോടതിയ്‌ക്ക് ഇതുകണ്ട് വെറുതെയിരിക്കാൻ കഴിയില്ലെന്നും ജസ്‌റ്റിസ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ എട്ടോ ഒൻപതോ വർഷം കൂടുമ്പോഴുളള ശമ്പളപരിഷ്‌കരണം കേരളത്തിൽ മാത്രം നാലര വർഷം കൂടുമ്പോൾ നടത്തുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും ഇതാണ് സ്ഥിതിയെന്നും കോടതി അഭിപ്രായപ്പെട്ടു.