jo

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ആശങ്കയോടെ ഡെമോക്രാറ്റിക് പാർട്ടി ആസ്ഥാനം. സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മികച്ച മുൻതൂക്കം ലഭിച്ചിട്ടും പാർട്ടിക്ക് ആശങ്ക ഒഴിയുന്നില്ല. 2016ലെ തിരഞ്ഞെടുപ്പിൽ ഹിലരി ക്ളിന്റന് ഇതുപോലെ മുൻതൂക്കമുണ്ടായിട്ടും അവസാനം എതിർ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ജയിച്ച അനുഭവമാണ് ആശങ്കയ്ക്ക് കാരണം. നിലവിലെ സർവേകളിൽ ബൈഡന്റെ മുൻതൂക്കം 5ൽ നിന്ന് 18 ആയി ഉയർന്നിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചില്ലെങ്കിൽ ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണുള്ളതെന്ന് ബൈഡന്റെ പ്രചാരണ മാനേജർ ജെൻ ഒ. മെല്ലി ധില്ലൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അലസമനോഭാവം കൈവെടിഞ്ഞ് പ്രവർത്തിക്കണമെന്നും ധില്ലൻ ഓർമിപ്പിക്കുന്നു. കൊവിഡ് 19 ആണ് ബൈഡന്റെ പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം.

എന്നാൽ, രാജ്യത്തെ ക്രമസമാധാന നില തകർക്കുന്നത് ഡെമോക്രാറ്റിക്കുകളാണെന്നാണ് എതിർപക്ഷം ഉന്നയിക്കുന്നത്. കറുത്തവർഗ വംശീയ വിവേചനത്തിനെതിരെ നടന്ന പോരാട്ടങ്ങൾ അക്രമത്തിലേക്ക് പോയത് ബൈഡൻ കാരണമാണെന്നാണ് പ്രചാരണം. അമേരിക്കയിലെ തിരഞ്ഞെടുപ്പ് രീതി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഇലക്ട്രൽ വോട്ടുകളാണ് വിജയിയെ നിർണയിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 306 ഇലക്ട്രൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. ഹിലരിക്ക് 232 വോട്ടേയുണ്ടായിരുന്നുള്ളൂ.

ബൈഡനു പിന്തുണയുമായി മർഡോക്ക്

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വൻ വിജയം നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മാദ്ധ്യമ രാജാവ് റൂപ്പഡ് മർഡോക്ക്. റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നിശേഷം പരാജയപ്പെടുമെന്നും മർഡോക്ക് പറയുന്നു. ബൈഡന് പകരം മറ്റൊരു സ്ഥാനാർത്ഥിയായിരുന്നെങ്കിലും വിജയമുണ്ടാകില്ലെന്നും മർഡോക്ക് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് പ്രതിസന്ധി നേരിടുന്നതിൽ ട്രംപ് വൻ പരാജയമായിരുന്നുവെന്നും വിദഗ്ദ്ധരുടെ ഉപദേശങ്ങൾക്ക് ട്രംപ് ചെവികൊടുക്കുന്നില്ലെന്നും മർഡോക്ക് ആരോപിച്ചു.