india-china-

ന്യൂഡൽഹി: വടക്കൻ ലഡാക്കിലെ ഡെംചുക്കിൽ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിൽ പ്രവേശിച്ച ചൈനീസ് സൈനികനെ കഴിഞ്ഞ ദിവസം ഇന്ത്യൻ പട്രോളിംഗ് സംഘം പിടികൂടിയിരുന്നു. ചൈനീസ് ഭടൻ ഇന്ത്യയുടെ പക്കൽ സുരക്ഷിതനാണെന്നും ഉടൻ കൈമാറുമെന്നുമാണ് കഴിഞ്ഞ ദിവസം സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ സൈനികനെ ഉടൻ കൈമാറേണ്ടെന്ന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടികൂടിയ സൈനികന്റെ പക്കൽ നിന്നും കണ്ടെടുത്ത രേഖകൾ പരിശോധിച്ച് വിശദമായി സൈനികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാൽ മതി എന്നാണ് നിലവിലെ തീരുമാനം.

വാംഗ് യാ ലോംഗ് എന്ന സൈനികനാണ് പിടിയിലായത്. കമാൻഡർതല ചർച്ചകൾ നടക്കുന്ന ചുഷൂൽ മേഖലയിലെ മോൾഡോ അതിർത്തിയിൽ വച്ച് ഇയാളെ കൈമാറുമെന്ന് കരസേന അറിയിച്ചിട്ടുണ്ട്. സൈനികനെ കാണാതായ വിവരം ഔദ്യോഗികമായി ചൈന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. വഴിതെറ്റി അബദ്ധത്തിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം. കടുത്ത തണുപ്പിൽ അവശനായ നിലയിലാണ് സൈന്യം ഇയാളെ കണ്ടെത്തിയത്. ഇതേ തുടർന്ന് ഓക്സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ നൽകി ചൈനീസ് ഭടനെ ഇന്ത്യ ശുശ്രൂഷിച്ചിരുന്നു.