ബോസ്റ്റൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി ഷൈലജ. പി അമ്പു , കാന്തി മികച്ച ചിത്രം

ബോസ്റ്റൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി അശോക് ആർ.നാഥ് സംവിധാനം ചെയ്ത കാന്തി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഷൈലജ .പി അമ്പു .കലയെ ജീവനായി കാണുന്ന ഷൈലജ പി. അമ്പു തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് രണ്ടാണ്ട് പിന്നിടുന്നു.കാന്തിയിലെ നീലമ്മ എന്ന കഥാപാത്രം ഷൈലജയുടെ അഭിനയ ജീവിതത്തിലെ ശക്തമായ അടയാളപ്പെടുത്തലാണ്.
അവാർഡ് സന്തോഷം തരുന്നു
ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി കാന്തിയെ തിരഞ്ഞെടുത്തതും മികച്ച നടിക്കുള്ള അവാർഡ് എനിക്കു ലഭിച്ചതും സന്തോഷം തരുന്ന കാര്യമാണ്. ഓരോ അവാർഡും കാന്തി ടീമിനുള്ളതാണ്. ഒരു കലാകാരിയെന്ന നിലയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ളതായിരിക്കണം.അതുകൊണ്ടാണ് കാന്തി ചെയ്യാൻ തീരുമാനിച്ചതും. കാന്തി ടീമിന്റെ വിജയമാണിത്.
കാന്തിയിലെ നീലമ്മ
കാന്തിയിലെ നീലമ്മ എന്റെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്നതാണ്.പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിഫലനമായാണ് നീലമ്മ നിലകൊളുന്നത്.കേരളത്തിന്റെ തെക്കേയറ്റത്ത് അഗസ്ത്യാർ വനഭൂമിയിൽ അഗസ്ത്യന്റെ പിൻമുറക്കാരാണ് കാണിക്കാർ സമൂഹം. 
അവരുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരമാണ് കാന്തി.ലൈംഗിക പീഡനത്തിന് ഇരയായ നീലമ്മയ്ക്ക് ജനിക്കുന്ന അന്ധയായ കുട്ടിയാണ് കാന്തി.ആ കുട്ടിയെ സാധാരണയുള്ള ജീവിതത്തിലേക്ക് പ്രാപ്തയാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മുഖ്യധാരയിലേക്ക് എത്തിപ്പെടാത്ത ആദിവാസി ജനതകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും സംവിധായകൻ അശോക് ആർ നാഥ് കാന്തിയിലൂടെ തുറന്നു കാണിക്കുന്നുണ്ട്. നീലമ്മ പോലെയൊരു കഥാപാത്രം ചെയ്യുന്നത് ഒരു കലാകാരി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണെന്ന് തിരക്കഥ കേട്ടപ്പോൾ തോന്നി.ഇത്തരത്തിലുള്ള കഥാപാത്രം എന്നിലേക്ക് എത്തിപ്പെട്ടത് ഭാഗ്യമായാണ് കണ്ടിട്ടുള്ളത്.
ഇരുപതു വർഷമായി നാടകത്തിനൊപ്പം
ഇരുപതു വർഷമായി ഞാൻ നാടക മേഖലയിലുണ്ട്. ഓരോ വേദികളും എനിക്ക് ഓരോ അനുഭവങ്ങളായിരുന്നു. തട്ടിൽ കേറുമ്പോൾ എന്തോ ഒരു മാജിക്ക് എന്നിൽ ഉള്ളതായി തോന്നിയിട്ടുണ്ട്.
ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും ചില സ്ത്രീ കഥാപാത്രങ്ങൾ മനസിനെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്. 'സുപ്രഭാതം" നാടകത്തിലെ പ്രഭ.സജിത മഠത്തിലിന്റെ 'മത്സ്യഗന്ധി" എന്ന നാടകത്തിലെ മുക്കുവ സ്ത്രീ. ഏതോ ചിറകടിയൊച്ചയിലെ കുന്തിയുടെ കഥാപാത്രം അങ്ങനെ ഞാൻ ചെയ്ത ചില സ്ത്രീ കഥാപാത്രങ്ങൾ ഇപ്പോഴും എന്റെ കൂടെയുണ്ട്.