
കാബൂൾ: അഫ്ഗാനിലെ ഏക വനിതാ യോദ്ധാവായിരുന്ന കമാൻഡർ കാഫ്തർ എന്ന ബീബി അയിശ താലിബാന് കീഴടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബഗ്ളാൻ താഴ്‌വരയിൽ നടന്ന തിരച്ചിലിനിടെ ബീബി അയിശയെ കസ്റ്റഡിയിലെടുത്തുവെന്നാണ് താലിബാൻ വക്താക്കളെ ഉദ്ധരിച്ച് ഡെയ്‌ലി സഭ പോലുള്ള പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, താലിബാന്റെ വാദം ബീബി അയിശ ഫോണിലൂടെ നിഷേധിച്ചതായി ജർമൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ - സോവിയറ്റ് യൂണിയൻ യുദ്ധത്തിലെ ഏക വനിതാ യോദ്ധാവെന്ന നിലയിലാണ് ബീബി അയിശ ശ്രദ്ധേയയാകുന്നത്. ബാഗ്ളാൻ താഴ്‌വരയിലെ ചില ഗ്രാമങ്ങളിൽ താലിബാൻ ആക്രമണം നടത്തിയതായും ബീബി അയിശയുടെ കൂട്ടാളികൾ കീഴടങ്ങിയതായും അവരുടെ തന്നെ വിശ്വസനീയ കേന്ദ്രങ്ങൾ സമ്മതിക്കുന്നുണ്ട്. സർക്കാരിന്റെ പോലും പിന്തുണയില്ലാത്ത സാഹചര്യത്തിൽ കീഴടങ്ങൽ മാത്രമായിരുന്നു അവരുടെ മുന്നിലെ പോംവഴിയെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, തന്റെ മാതാവ് രോഗ ശയ്യയിലാണെന്നും താലിബാനു മുന്നിൽ കീഴടങ്ങിയിട്ടില്ലെന്നും പറഞ്ഞ് ബീബി അയിശയുടെ മകൻ റാസ് മുഹമ്മദ് രംഗത്തെത്തി. തങ്ങൾ ഇനി താലിബാനെതിരെ പോരാടില്ലെന്നും റാസ് പറയുന്നു.