
ന്യൂയോർക്ക്: കാളവണ്ടിയുടെയും കുതിരവണ്ടിയുടെയും കാലം കഴിയാറായി എന്ന സൂചന നൽകി ഒരു വീഡിയോ വൈറലാകുന്നു. അമേരിക്കൻ ടെലിവിഷൻ താരം ആദം സാവേജാണ് പുതിയ തരം വണ്ടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വണ്ടിയിൽ കാളയ്ക്കും കുതിരയ്ക്കും പകരം റോബോട്ട് നായയാണ് വണ്ടി വലിക്കുന്നത്. സ്പോട്ടെന്നാണ് റോബോർട്ട് നായയ്ക്ക് പേരിട്ടിരിക്കുന്നത്. സ്പെഷ്യൽ ഇഫക്ട് ഡിസൈനർ കൂടിയാണ് ആദം സാവേജ്. റോബോർട്ടിന്റെ റിക്ഷയിൽ യാത്രക്കാരനായിരിക്കുന്ന സാവേജ് ആ വണ്ടിയുടെ പ്രത്യേകതകളെക്കുറിച്ചും പറയുന്നുണ്ട്. അമേരിക്കൻ എൻജിനീയറായ ബോസ്റ്റൺ ഡൈനാമിക്സാണ് ഈ മുച്ചക്ര വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ചലന ശക്തിക്കനുസരിച്ച് ശരിയായ വഴി കണ്ടെത്തി ഏത് സങ്കീർണ പ്രതലത്തിലും പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോകും വിധത്തിലാണ് റോബോട്ടിനെ തയാറാക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയിലെ റിക്ഷകൾ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ റോബോട്ട് വണ്ടിയുടെ വീഡിയോ.