-kamal-nath

ന്യൂഡൽഹി : ബി.ജെ.പിയുടെ വനിതാ നേതാവ് ഇമർതി ദേവിയെ ' ഐറ്റം ' എന്ന് വിളിച്ച് അപമാനിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്. കമൽ നാഥ് നടത്തിയ പരാമർശം ഖേദകരമാണെന്നും അത്തരം പരാമർശങ്ങളെ വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്നും നേതാക്കൾ അത്തരം പരാമർശം നടത്തരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് കമൽ നാഥിന്റെ പ്രതികരണം.

അത് രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായമമാണെന്നും വിവാദ പരാമർശം ഉണ്ടാകാനിടയായ സാഹചര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്നും കമൽ നാഥ് പറയുന്നു. താൻ ആരെയും അപമാനിക്കണം എന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ താൻ ഖേദ പ്രകടനം നടത്തിക്കഴിഞ്ഞുവെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. കഴി‌ഞ്ഞ ഞായറാഴ്ച ഗ്വാളിയാറിൽ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു കമൽനാഥിന്റെ വിവാദ പരാമർശം.

ഇമർതി ദേവി ഉൾപ്പടെ 22 എംഎൽഎമാർ രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പോയതോടെയാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ കമൽനാഥിന്റെ നേതൃത്വത്തിലുള‌ള സർക്കാർ നിലംപതിച്ചത്. രാജിവച്ചവരെല്ലാം ബിജെപിയിലെത്തി. വരുന്ന നവംബർ 3ന് ഈ മണ്ഡലങ്ങളിൽ ഉൾപ്പടെ 28 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.