
ഹൈദരാബാദ് : റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു ഹൈദരാബാദിൽ ദേശീയ കോച്ച് പുല്ലേല ഗോപിചന്ദിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രീ ഒളിമ്പിക് ട്രെയ്നിംഗ് ക്യാമ്പ് വിട്ട് ലണ്ടനിൽ വിദഗ്ധ പരിശീലനത്തിന് പോയത് വിവാദമാകുന്നു.
സിന്ധു ലണ്ടനിലെത്തിയതിന് പിന്നാലെ ഗോപിചന്ദിനെ കുറ്റപ്പെടുത്തി സിന്ധുവിന്റെ പിതാവും മുൻ ദേശീയ വോളിബാൾ താരവുമായ പി.വി രമണ രംഗത്തെത്തിയതാണ് സംഗതി വിവാദമാക്കിയത്. ഗോപിചന്ദിന്റെ അക്കാഡമിയിലാണ് ലോക്ക്ഡൗണിന് ശേഷം ദേശീയ ക്യാമ്പ് തുടങ്ങിയത്. ഇവിടെ സിന്ധുവിന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുകൊണ്ടാണ് ലണ്ടനിൽ പോകേണ്ടിവന്നത് എന്നാണ് രമണ പറഞ്ഞത്. എന്നാൽ എല്ലായിടത്തും സിന്ധുവിന് ഒപ്പമുണ്ടാകാറുള്ള മാതാപിതാക്കൾ ലണ്ടനിലേക്ക് പോകാതിരുന്നത് കുടുംബത്തിനുള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്ത പരക്കാൻ ഇടയാക്കി. ഇതോടെ തനിക്ക് കോച്ചുമായോ കുടുംബവുമായോ ഒരു പ്രശ്നവുമില്ലെന്ന് സിന്ധു ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. സിന്ധുവിന്റെ അച്ഛന്റെ വാക്കുകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ഗോപിചന്ദും വ്യക്തമാക്കി. നേരത്തേ സിന്ധുവിന് കൂടുതൽ പരിഗണന നൽകുന്നു എന്നുപറഞ്ഞ് സൈന നെഹ്‌വാൾ ഗോപിചന്ദിനോട് പിണങ്ങിപ്പോയിരുന്നു.
ലണ്ടനിലെ ഗറ്റോർഡെ സ്പോർട്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിറ്റ്നസ്,ന്യൂട്രീഷ്യൻ ട്രെയ്നിംഗിനാണ് സിന്ധു പോയിരിക്കുന്നത്. രണ്ട് മാസത്തോളം അവിടെയുണ്ടാകും.
2018 ഏഷ്യൻ ഗെയിംസിന് ശേഷം ഗോപിചന്ദിന് സിന്ധുവിനെ പരിശീലിപ്പിക്കാൻ ഒരു താത്പര്യവുമില്ല നല്ലൊരു പ്രാക്ടീസ് പാർട്ണറെപ്പോലും നൽകാറില്ല. നിലവാരമുള്ള പരിശീലനം ലഭിക്കാത്തതിൽ മടുത്താണ് സിന്ധു ലണ്ടനിലേക്ക് പോയത്.
- പി.വി രമണ , സിന്ധുവിന്റെ പിതാവ്.
രമണ പറയുന്നതിന് മറുപടി പറയാൻ ഞാനില്ല. രണ്ടുമാസത്തേക്ക് വിദഗ്ധ പരിശീലനത്തിനാണ്സിന്ധു ലണ്ടനിലേക്ക് പോയത്. അത് കഴിഞ്ഞ് ദേശീയ ക്യാമ്പിൽ തിരിച്ചെത്തുമെന്നാണ് ഞാൻ അറിയുന്നത്.
- പുല്ലേല ഗോപിചന്ദ്
കോച്ച് ഗോപിചന്ദിനെപ്പറ്റിയോ ദേശീയ ക്യാമ്പിലെ ട്രെയ്നിനിംഗ് സൗകര്യങ്ങളെപ്പറ്റിയോ എനിക്ക് ഒരു പരാതിയുമില്ല. വീട്ടുകാരുമായി പ്രശ്നവുമില്ല. കുടുംബത്തിന്റെ അനുമതിയോടെയാണ് ലണ്ടനിലേക്ക് വന്നത്.
-പി. വി സിന്ധു