
വാഷിംഗ്ൺ: അമേരിക്കയിലെ കൊവിഡ് പ്രതിരോധ ദൗത്യ സംഘത്തിന്റെ തലവനും സാംക്രമിക രോഗ വിദഗ്ദ്ധനുമായ ആന്റണി ഫൗസിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫൗസിയെ ദുരന്തമെന്ന് അധിക്ഷേപിച്ച ട്രംപ്, കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിർദ്ദേശം അനുസരിച്ചിരുന്നെങ്കിൽ അഞ്ചു ലക്ഷത്തോളം മരണം സംഭവിക്കുമായിരുന്നുവെന്നും പറഞ്ഞു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ച അമേരിക്കയിലെ ഏറ്റവും പ്രശംസ നേടിയ ശാസ്ത്രജ്ഞരിൽ ഒരാളാണ് 79 കാരനായ ഡോ. ആന്റണി ഫൗസി. കൊവിഡ് വ്യാപനം തുടരുമെന്നും അത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഫൗസി ഒരു ദുരന്തമാണ്. ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരുന്നുവെങ്കിൽ 5,00,000 മരണം സംഭവിക്കുമായിരുന്നു. ജനങ്ങൾ ഫൗസിയെ പോലുള്ള മണ്ടൻമാരുടെ വാക്കുകൾ കേട്ട് മടുത്തിരിക്കുകയാണ്. ഇവർ പറയുന്നതെല്ലാം തെറ്റാണ്." - ട്രംപ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളിൽ അമേരിക്കക്കാർക്ക് മടുപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊവിഡ് നിലനിൽക്കുന്നുണ്ട്, എന്തായാലും ഞങ്ങളെ വെറുതെ വിടുക എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ റാലികളിൽ അനുകൂലികൾ മാസ്ക് പോലും ധരിക്കാതെ പങ്കെടുക്കുന്നതിനെതിരെ ആന്റണി ഫൗസി പ്രതികരിച്ചിരുന്നു.
മൂന്നു ദിവസത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പ് റാലികൾ അരിസോണയിൽ വിളിച്ചു ചേർത്ത ട്രംപിന്റെ നടപടിയെ ആരോഗ്യ പ്രവർത്തകർ ചോദ്യം ചെയ്തതും പ്രസിഡന്റിനെ ചൊടിപ്പിച്ചിരുന്നു.