
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയിലെങ്ങും ഒരേ വിലയിൽ സ്വർണം വിൽക്കാനായി 'വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്" പദ്ധതി അവതരിപ്പിച്ചു. ഇനിമുതൽ മലബാർ ഗോൾഡ് ഷോറൂമുകളിൽ സ്വർണത്തിന് ഒരേ നിരക്കായിരിക്കും.
നിലവിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും സ്വർണ വ്യാപാരമേഖലയിൽ വിവിധ വിലയാണുള്ളത്. ഇത് ഏകീകരിക്കണമെന്ന ലക്ഷ്യവുമായാണ് മലബാർ ഗോൾഡ് രാജ്യമെങ്ങും ഒരേനിരക്കിൽ സ്വർണം വിൽക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ എവിടെനിന്നും സ്വർണം വാങ്ങാമെന്നതാണ് ഇതിന്റെ നേട്ടം.
അന്താരാഷ്‌ട്ര വില, ഇന്ത്യയിലെ ഇറക്കുമതി തീരുവ, ജി.എസ്.ടി., റീട്ടെയിലർമാർക്ക് സ്വർണം ലഭിക്കുന്ന ബാങ്ക്‌റേറ്റ് എന്നിവയ്ക്ക് ഒരേ നിരക്കാണെങ്കിലും ഓരോ സംസ്ഥാനത്തും സ്വർണത്തിന് വിവിധ വിലയാണ്. ഗ്രാമിന് 400 രൂപവരെ വരുന്ന ഈ വ്യത്യാസം ഉപഭോക്തൃതാത്പര്യത്തിന് വിരുദ്ധമാണെന്ന് മലബാർ ഗോൾഡ് ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്തും സ്വർണാഭരണങ്ങൾക്ക് പ്രിയം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിശുദ്ധിയിൽ വിട്ടുവീഴ്‌ചയില്ലാതെ രാജ്യമെങ്ങും ഒരേനിരക്കിൽ സ്വർണം ലഭ്യമാക്കി, ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ലോക്ക്ഡൗണിൽ പഴയ സ്വർണം വിൽക്കാനെത്തിയവർക്കും മികച്ച മൂല്യം ലഭ്യമാക്കി. അഞ്ചു ടണ്ണിലധികം പഴയ സ്വർണമാണ് ഇത്തരത്തിൽ തിരികെ വാങ്ങിയത്. ബൈബാക്ക് ഗ്യാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ സീറോ ഡിഡക്‌ഷൻ ചാർജ് തുടങ്ങിയ ഓഫറുകളും മലബാർ ഗോൾഡിന്റെ സവിശേഷതയാണെന്ന് ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ പറഞ്ഞു.