
ലണ്ടൻ : പുതിയ സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ ജർമ്മൻ ഫുട്ബാൾ ക്ളബ് ബയേൺ മ്യൂണിക്കും മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ലിവർപൂളും ഇന്റർ മിലാനും മുൻ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ ഇന്ന് കളത്തിലിറങ്ങുന്നു.
ആഗസ്റ്റിൽ നടന്ന കഴിഞ്ഞ സീസൺ ഫൈനലിൽ പാരീസ് എസ്.ജിയെ കീഴ്പ്പെടുത്തി കിരീടം നേടിയിരുന്ന ബയേണിന് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കടുത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ഗ്രൂപ്പ് എയിൽ മുൻ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. 2016-17 സീസണിലും ഇരു ക്ളബുകളും ഒരേ ഗ്രൂപ്പിലാണ് മത്സരിച്ചിരുന്നത്. ഇരുടീമുകളും ഇതിന് മുമ്പ് ഏഴുതവണ മാറ്റുരച്ചപ്പോൾ മൂന്ന് തവണ വിജയം സ്പാനിഷ് ക്ളബിനായിരുന്നു.രണ്ട് തവണ ബയേൺ വിജയം കണ്ടു.ബാഴ്സലോണയിൽ നിന്ന് സൂപ്പർ താരം ലൂയിസ് സുവാരേസ് എത്തിയതിന്റെ ഉൗർജവുമായാണ് കോച്ച് ഡീഗോ സിമയോണി അത്‌ലറ്റിക്കോയെ ഇറക്കുന്നത്.കഴിഞ്ഞ സീസണിലെ ഗോളടിവീരൻ റോബർട്ടോ ലെവാൻഡോവ്സ്കി, കിംഗ്സ്ലി കോമാൻ, സെർജി ഗ്നാബ്രി തുടങ്ങിയവരാണ് ബയേണിന്റെ തുറുപ്പുചീട്ടുകൾ. ബയേണിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം.
2019 സീസണിലെ ചാമ്പ്യന്മാരായ ലിവർപൂളിന് ഡച്ച് ക്ളബ് അയാക്സാണ് ആദ്യ എതിരാളികൾ. അയാക്സിന്റെ ഹോം മാച്ചാണിത്.കഴിഞ്ഞ ദിവസം എവർട്ടണിനെതിരായ പ്രിമിയർ ലീഗ് മത്സരത്തിനിടെ സൂപ്പർ ഡിഫൻഡർ വിർജിൽ വാൻഡിക്കിന് പരിക്കേറ്റത് ലിവർപൂളിന് തിരിച്ചടിയായിട്ടുണ്ട്. റയൽ മാഡ്രിഡിന് സ്വന്തം തട്ടകത്തിൽ ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കാണ് എതിരാളികൾ. കഴിഞ്ഞ ദിവസം ലാ ലിഗയിൽ കാഡിസിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ്റയൽ ഇറങ്ങുന്നത്.
ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ സ്വന്തം തട്ടകത്തിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടും.മാഞ്ചസ്റ്റർ സിറ്റിക്ക് ഹോം ഗ്രൗണ്ടിൽ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയാണ് എതിരാളികൾ.
റയൽ മാഡ്രിഡ് Vs ഷാക്തർ ഡോണെസ്ക്
സാൽസ്ബർഗ് Vs ലോക്കോമോട്ടീവ്
(രാത്രി 10.30 മുതൽ )
ലിവർപൂൾ Vs അയാക്സ്
ബയേൺ Vs അത്‌ലറ്റിക്കോ മാഡ്രിഡ്
ഇന്റർ മിലാൻ Vs ബൊറൂഷ്യ
മാഞ്ചസ്റ്റർ സിറ്റി Vs പോർട്ടോ
മൈറ്റിലാൻഡ് Vs അറ്റലാന്റ
ഒളിമ്പിക് പിറയൂസ് Vs മാഴ്സെ
(രാത്രി 12.30 മുതൽ )
ടി വി ലൈവ് : ടെൻ സ്പോർട്സ് ചാനലുകളിൽ