online-home

ഒരു വീട് വാങ്ങിയാലോ? അതും ഓൺലൈനായിട്ടാണെങ്കിലോ? കേട്ടത് ശരിയാണ് ഓൺലൈനായി ഓർഡർ ചെയ്താൽ ഒന്നാന്തരമായി ഫർണിഷ് ചെയ്ത വീട് പാഴ്സലായി വീട്ടിലെത്തും! നിരപ്പുള്ള സ്ഥലത്ത് എടുത്തുവെച്ച് വെള്ളം, കറന്റ്, ടെലിഫോൺ ലൈനുകൾ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മതി. അടുത്ത നിമിഷം തന്നെ വീട്ടിൽ താമസം ആരംഭിക്കാം!

സിംഗപ്പൂരിൽ പ്ലഗ് ആൻഡ് പ്ലേ രീതിയിലുള്ള ഇത്തരം പ്രീ-ഫാബ് വീടുകളുടെ ഓൺലൈൻ പ്രീബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ലോകത്തെവിടെയും വീട് ഓൺലൈൻ ഡെലിവറിയിലൂടെ എത്തിച്ചുകൊടുക്കുമെന്നാണ് നെസ്ട്രോൺ കമ്പനിയുടെ അവകാശവാദം. അധികം വൈകാതെ ഇന്ത്യയിലും നെസ്ട്രോണിന്റെ വീടുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംഗപ്പൂരിലെ സ്റ്റാർട്ടപ് മേഖലയിൽ വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നെസ്ട്രോണിന്റെ വീടുകൾ. ഒരു ബെഡ്റൂം, ബാത്ത്റൂം, അടുക്കള, ലിവിംഗ് ഏരിയ എന്നിവയടങ്ങുന്ന കുഞ്ഞുവീട്ടിൽ തീൻമേശ, സോഫ, ടിവി, വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ, അലമാര തുടങ്ങിയ സർവ്വ സജ്ജീകരണങ്ങളുമുണ്ട്. കാനി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റിന്റെ സഹായത്തോടെ വീട്ടിലെ എല്ലാ ഉപകരണങ്ങളെയും വോയിസ് കമാൻഡിലൂടെ നിയന്ത്രിക്കാനും സാധിക്കും. വീട്ടുപകരണങ്ങൾ, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയവയെല്ലാം സജ്ജമാക്കിയ വീടാണ് നെസ്ട്രോൺ എത്തിക്കുന്നത്. 10 ലക്ഷം രൂപ മുതലാണ് വില. 260 ചതുരശ്രയടി മുതൽ വിസ്തീർണമുള്ള മോഡലുകൾ ലഭ്യമാണ്. കൊടുങ്കാറ്റിനെയും ഭൂമികുലുക്കത്തിനെയും അതിജീവിക്കാൻ കെൽപ്പുള്ള വീടുകളാണെന്നാണ് നെസ്ട്രോൺ അവകാശപ്പെടുന്നത്. ഒരു കാറിന്റെ വിലയ്ക്ക് ഒരു വീട് എന്നതാണ് നെസ്ട്രോണിന്റെ പരസ്യവാചകം.