
ലക്നൗ: വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റവുമായി ഉത്തര്‍പ്രദേശ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച സംസ്ഥാനമെന്ന നേട്ടമാണ് ഉത്തര്‍പ്രദേശ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച സംസ്ഥാനമെന്ന പദവി വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന തമിഴ്നാടിനെ മറികടന്നാണ് ഉത്തര്‍പ്രദേശ് നിര്‍ണ്ണായക നേട്ടം സ്വന്തമാക്കിയത്. 2018 ല്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്നാട് ഒന്നാം സ്ഥാനത്തും, ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തും ആയിരുന്നു.
2019ല്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച മൂന്നാമത്തെ സംസ്ഥാനം എന്ന നേട്ടവും ഉത്തര്‍പ്രദേശ് സ്വന്തമാക്കിയിട്ടുണ്ട്. 53.6 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 47 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമാണ് കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉത്തര്‍പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മെഷ്റാം പറഞ്ഞു. രാമായണ സര്‍ക്യൂട്ട്, മഹാഭാരത സര്‍ക്യൂട്ട്, തുടങ്ങിയവ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ്. ഇത് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.