-trump

അരിസോണ : വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ജയിക്കും എന്ന ഭയമാണോ അതോ കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയുള്ള കുറ്റപ്പെടുത്തലുകളാണോ എന്തോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ആകെ ദേഷ്യത്തിലാണ്. തന്നെ ആര് എന്തു പറഞ്ഞാലും ഒന്നും നോക്കില്ല, വായിൽ തോന്നിയത് വിളിച്ചു പറയുകയാണ് ട്രംപ്.

അരിസോണ സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ അഞ്ചു തിരഞ്ഞെടുപ്പ് റാലികളാണ് സംഘടിപ്പിച്ചത്. മാസ്കോ സാമൂഹ്യ അകലമോ ഒന്നും ഇപ്പോഴും ട്രംപ് വകവയ്ക്കുന്നില്ല. കൊവിഡ് വന്നിട്ടും പഠിച്ചില്ല! ട്രംപ് സ്വയം ആയുധങ്ങൾ ഇതുവഴി എതിർസ്ഥാനാർത്ഥിയായ ബൈഡന് മുന്നിലേക്ക് ഇട്ടുകൊടുക്കുകയുമാണ്. എങ്കിലും അതൊന്നും ട്രംപ് സമ്മതിക്കില്ല. പകരം, ആരോഗ്യ വിദ്ഗദ്ധർ, മാദ്ധ്യമങ്ങൾ.... എന്തിന് തിരഞ്ഞെടുപ്പിനെ വരെ ട്രംപ് കുറ്റപ്പെടുത്തുകയാണ്.

 ഫൗചി ദുരന്തം !

ഇതുവരെ 220,000 പേർക്കാണ് യു.എസിൽ കൊവിഡ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായത്. മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയോട് ഭൂരിഭാഗം അമേരിക്കക്കാർക്കും അമർഷമുണ്ട്. എന്നാൽ തന്റെ സർക്കാരിന്റെ തന്നെ ആരോഗ്യവിദഗ്ദ്ധർക്കും ശാസ്ത്രജ്ഞർക്കും മേലാണ് ട്രംപ് പഴി ചാരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അലർജി ആൻഡ‌് ഇൻഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറും സാംക്രമിക രോഗവിഗദഗ്ദ്ധനുമായ ഡോ. ആന്റണി ഫൗചിയ്ക്ക് നേരെയാണ് ട്രംപിന്റെ കുതിച്ചുച്ചാട്ടം.

ഫൗചി ഒരു ദുരന്തമാണെന്നാണ് ട്രംപ് പറയുന്നത്. കൊവിഡിനെ ട്രംപ് ഭരണകൂടം കൈകാര്യം ചെയ്യുന്നതിനെ ഫൗചി വിമർശിച്ചിരുന്നു. അമേരിക്കയിൽ ഏറ്റവും ജനപ്രിയനായ ഫൗചി ആദ്യം മുതൽ തന്നെ വൈറസ് നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുമായി സജീവമായിരുന്നു.

 മാദ്ധ്യമങ്ങളെയും വിടില്ല

മാദ്ധ്യമങ്ങൾ ട്രംപിന് ചതുർത്ഥിയാണ്. അടുത്ത പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ മോഡറേറ്റർ ആയ എൻ.ബി.സിയുടെ ക്രിസ്‌റ്റെൻ വെൽക്കർ, സി.എൻ.എൻ ന്യൂസ് എന്നിവരെ ഒറ്റപ്പെടുത്തി. ദിനംപ്രതി ആയിരക്കണക്കിന് അമേരിക്കക്കാരെ പിടികൂടുന്ന കൊവിഡിനെ പറ്റി തെറ്റായ സന്ദേശം പരത്തിയെന്നാണ് ട്രംപ് പറയുന്നത്. മാസ്കും സാമൂഹ്യ അകലവും പാലിക്കാതെ വലിയ പൊതുപരിപാടികളിൽ പങ്കെടുത്ത ട്രംപിന് കൊവിഡ് വന്നതിൽ അത്ഭുതമില്ലെന്ന് കഴിഞ്ഞ ഞായറാഴ്ച എൻ.ബി.സിയിൽ നടന്ന ഒരു പരിപാടിയിൽ ആന്റണി ഫൗചി പറഞ്ഞിരുന്നു.

 അലങ്കോലമാക്കേണ്ട

വരുന്ന 22ന് ടെന്നസിയിലെ നാഷ്‌വില്ലിലാണ് അവസാനഘട്ട പ്രസിഡൻഷ്യൽ ഡിബേറ്റ് നടക്കുന്നത്. ഇതിനായി തയാറെടുക്കുകയാണ് ജോ ബൈഡൻ. ഇത്തവണ ഡിബേറ്റിൽ മ്യൂട്ട് ബട്ടൺ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ ഡിബേറ്റിൽ ജോ ബൈഡൻ സംസാരിക്കുന്നതിനിടെ ട്രംപ് ഇടയ്ക്ക് കയറി സംസാരിക്കുകയും ഒടുവിൽ രണ്ടുപേരും വാക്കാൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ഇത്തവണ ഇതൊഴിവാക്കാനാണ് മൈക്ക് ഓഫ് ചെയ്യാനുള്ള മ്യൂട്ട് ബട്ടൺ സംവിധാനം. ഡിബേറ്റിനിടെ ഇടയ്ക്ക് കയറി സംസാരിച്ച് അലങ്കോലമാക്കാൻ നോക്കിയാൽ മൈക്ക് ഓഫാക്കും; അത്ര തന്നെ.! ട്രംപിന്റെ സ്ഥിരം സ്വഭാവമാണ് അത്. അതുകൊണ്ട് തന്നെ ഇതിനെതിരെ ട്രംപിന്റെ കാമ്പെയ്‌ൻ ടീം രംഗത്തെത്തിയിട്ടുണ്ട്.

 ബൈഡൻ മുന്നിൽ

സംവാദത്തിൽ ഡെമോക്രാറ്റുകളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. വിദേശനയം സംവാദത്തിൽ ഉൾപ്പെടുത്താത്തതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.

അഭിപ്രായ സർവേകളിൽ ബൈഡൻ ആണ് മുന്നിൽ. എന്നാൽ പണം സ്വരൂപിക്കുന്നതിലും ബൈഡൻ തന്നെയാണ് മുന്നിൽ. ട്രംപും റിപ്പബ്ലിക്കൻമാരും പ്രാരണങ്ങൾക്ക് ചെലവഴിക്കുന്ന തുകയുടെ രണ്ടിരട്ടിയാണ് കഴി‌ഞ്ഞ നാല് മാസത്തിനിടെ ബൈഡന്റെയും ഡെമോക്രാറ്റുകളുടെയും ഫണ്ടിലേക്കെത്തിയത്.