
ഭോപ്പാല്‍: രാജ്യത്ത് വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തുന്നത് മദ്രസകളെന്ന വിവാദ പ്രസ്താവനയുമായി മദ്ധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ ഉഷാ താക്കൂര്‍. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം തീവ്രവാദത്തെ വളർത്തുകയാണെന്നും എല്ലാ കുട്ടികൾക്കും ഒരു ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കണമെന്നും ഉഷാ താക്കൂര്‍ പറഞ്ഞു.
"ജമ്മു കാശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയായി മാറി. തീവ്രവാദികളെല്ലാം മദ്രസകളിൽ പഠിച്ചവരാണ്. മദ്രസകൾക്ക് കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കാൻ കഴിയില്ല. സമൂഹത്തിന്റെ കൂട്ടായ പുരോഗതിക്കായി ഈ സ്ഥാപനങ്ങളെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരണം." ഉഷാ താക്കൂര്‍ പറഞ്ഞു.
മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ഉഷാ താക്കൂര്‍ ആവശ്യപ്പെട്ടു. ദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണമെന്നും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ മതമൗലികതയും വിദ്വേഷവും മാത്രമാണ് വളര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മദ്രസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടാന്‍ അടുത്തിടെ അസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് താക്കൂറിന്റെ പ്രതികരണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്ക് സാമുദായിക നിറം നൽകാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നും സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായാണെന്നും കോൺഗ്രസ് മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ ആരോപിച്ചു. സംഭവത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായും സലൂജ പറഞ്ഞു.