
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാൻ ബി.എസ് യെദിയൂരപ്പയ്ക്ക് കഴിയില്ലെന്ന് ബി.ജെ.പി എം.എൽ.എ ബസാനഗൗഡ പാട്ടീൽ യത്നാൽ. കഴിഞ്ഞ ദിവസം ബീജാപൂരിൽ നടന്ന പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമർശം. ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
'യെദിയൂരപ്പയെക്കൊണ്ട് പാർട്ടി ഹൈക്കമാൻഡ് പൊറുതി മുട്ടിയിരിക്കുകയാണ്. ശിവമോഗ ജില്ലയുടെ മാത്രം മുഖ്യമന്ത്രിയെ പോലെയാണദ്ദേഹം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഉടൻ തന്നെ ഒരു പുതിയ മുഖ്യമന്ത്രിയുണ്ടാകും.' - യത്നാൽ പറഞ്ഞു.
'യെദിയൂരപ്പ ഉത്തര കർണാടകയെ പൂർണമായും അവഗണിക്കുകയാണ്. ഉത്തര കർണാടകയിൽ നിന്ന് മാത്രം 100 എം.എൽ.എമാർ വന്നത് കൊണ്ടാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം നേടാനായത്. എന്നിട്ടും വെറും 15 എം.എൽ.എമാർ മാത്രമുള്ള ദക്ഷിണ കർണാടകയിൽ നിന്നാണ് മുഖ്യമന്ത്രിയെ ബി.ജെ.പി തിരഞ്ഞെടുത്തത്. പാർട്ടി ഹൈക്കമാൻഡ് കാര്യങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി ഉത്തര കർണാടകയിൽ നിന്നും പുതിയ ഒരു പേര് കണ്ടു വച്ചിട്ടുണ്ടെന്നും" അദ്ദേഹം പറഞ്ഞു.
യെദിയൂരപ്പയെ മുഖ്യമന്ത്രി പദത്തിൽ നീക്കാനുള്ള ശ്രമം ചില ബി.ജെ.പി നേതാക്കൾ നടത്തുന്നതായി കോൺഗ്രസ് നേതാവും കർണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും പറഞ്ഞിരുന്നു.
എന്നാൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി യത്നാലിന്റെ വാദത്തെ തള്ളി. യത്നാൽ ഇത്തരം വിചിത്ര പ്രസ്താവനകൾ നടത്തുന്നതിൽ പ്രശസ്തനാണെന്ന് അദ്ദേഹം പറഞ്ഞു.