
ഇസ്‌ലാമബാദ്: ജമ്മു കാശ്‌മീരിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളുമായി ആക്രമണം നടത്താൻ പാകിസ്ഥാൻ സൈന്യം ഭീകര സംഘടനകൾക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ഇറാക്കിലും സിറിയയിലും വർഷങ്ങളോളം ഐസിസ് ഭീകരർ നടത്തിയ പോരാട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നീക്കം.
ഐ.എസ് വിജയിപ്പിച്ച ഡ്രോൺ ആക്രമണ പദ്ധതി കാശ്‌മീരിൽ നടപ്പാക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത് പാക് ചാരസംഘടനയാണെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ഈ വർഷം ഏപ്രിലിൽ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലയിൽ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിയെക്കുറിച്ച് ആദ്യം ഐ.എസ്.ഐ വ്യക്തമാക്കുന്നത്.
പാക് അധിനിവേശ കാശ്‌മീരിലെ കൊട്ട്ലി ജില്ലയിലെ ബ്രിഗേഡ് ആസ്ഥാനത്ത് മേയിൽ ഇതു സംബന്ധിച്ച തുടർ ചർച്ച നടന്നു. മൂന്നു കിലോമീറ്റർ സഞ്ചരിക്കുന്നതും അഞ്ചു കിലോ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാവുന്നതുമായ ക്വാഡ്‌കോപ്ടറുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ തീരുമാനിച്ചു. ശത്രു ടാർഗറ്റുകളിൽ ചെറിയ അളവിലുള്ള യുദ്ധക്കോപ്പുകൾ ഡ്രോണുകളുപയോഗിച്ച് നിക്ഷേപിക്കാനും തീരുമാനിച്ചു.
യുദ്ധമുഖങ്ങളിൽ ഏറ്റവും വിജയകരമായി ഡ്രോണുകൾ ഉപയോഗിച്ചത് ഐസിസ് ഭീകരരാണ്. 'കില്ലർ ബീസ്' എന്നാണിത് അറിയപ്പെട്ടിരുന്നത്.