ipl-dhawan

ദുബായ് : തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്താകാതെ തകർപ്പൻ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെ (106*)തി​ളക്കം മായ്ച്ച് പഞ്ചാബ് കിംഗ്സ് ഇലവൻ അഞ്ചു വി​ക്കറ്റി​ന് ഡൽഹി​ ക്യാപ്പി​റ്റൽസി​നെ തോൽപ്പി​ച്ചു. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ 164/5 എന്ന സ്കോർ ഒരോവർ ബാക്കി​നി​ൽക്കേയാണ് പഞ്ചാബ് മറി​കടന്നത്. പഞ്ചാബി​ന്റെ സീസണി​ലെ നാലാം ജയമാണി​ത്. ഡൽഹി​യുടെ മൂന്നാം തോൽവി​യും. തോറ്റെങ്കി​ലും 14 പോയിന്റുമായി ഡൽഹിയാണ് ഒന്നാമത്. എട്ടുപോയിന്റുമായി പഞ്ചാബ് അഞ്ചാമതേക്ക് ഉയർന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റൽസിന് വേണ്ടി ഒറ്റയാൾ പട്ടാളം പോലെ ധവാൻ പൊരുതുകയായിരുന്നു ഓപ്പണറായി ഇറങ്ങി അവസാനം വരെ അടരാടിയ ധവാൻ 61 പന്തുകളിൽ 12 ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെയാണ് പുറത്താകാതെ 106 റൺസടിച്ചത്.ടീമിൽ മറ്റാർക്കും മികവ് കാട്ടാനായില്ല. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ധവാൻ പുറത്താകാതെ 101 റൺസടിച്ചിരുന്നു. ഈ സീസണിലാണ് ധവാൻ ആദ്യമായി ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്നതും.

മറുപടിക്കിറങ്ങിയ പഞ്ചാബിന് ക്യാപ്ടൻ രാഹുലിനെയും (15), ക്രിസ് ഗെയ്ലിനെയും (29), മയാങ്ക് അഗർവാളിനെയും (5) ആറോവറിനുള്ളിൽ നഷ്ടമായിരുന്നെങ്കിലും 56 റൺസ് നേടാൻ കഴിഞ്ഞിരുന്നു. തുഷാർ ദേശ്പാണ്ഡെയെ ഒരോവറിൽ 26 റൺസിന് ശിക്ഷിച്ച ഗെയ്ൽ 13 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയിരുന്നു.പിന്നീട് നിക്കോളാസ് പുരാൻ(28പന്തുകളിൽ 53 റൺസ്, ആറു ഫോറും മൂന്ന് സിക്സും), ഗ്ളെൻ മാക്സ്‌വെൽ(24 പന്തുകളിൽ 32) എന്നിവരുടെ ബാറ്റിംഗ് വിജയത്തിലേക്ക് വഴിവെട്ടി. ഇരുവരും പുറത്തായശേഷം ദീപക് ഹൂഡയും (15*),ജിമ്മി നീഷവും(10*) ചേർന്ന് വിജയത്തിലെത്തിച്ചു.

.ഡൽഹി നിരയിൽ 11 പന്തുകളിൽ ഒരു ഫോറടക്കം 7 റൺസ് നേടിയ പൃഥ്വി ഷായാണ് ആദ്യം കൂടാരം കയറിയത്. നീഷമിന്റെ പന്തിലെ ഷായുടെ ലക്ഷ്യം തെറ്റിയ ഷോട്ട് മാക്സ്‌വെല്ലിന്റെ കയ്യിലെത്തുമ്പോൾ 25 റൺസായിരുന്നു ടീമിന്റെ സ്കോർ.

പകരം ക്രീസിലേക്കെത്തിയ നായകൻ ശ്രേയസ് അയ്യരെ കൂട്ടുനിറുത്തി ധവാൻ തകർത്തടിച്ചു. ഇരുവരും ചേർന്ന് 48 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തപ്പോൾ അതിൽ ശ്രേയസിന്റെ സംഭാവന 12 റൺസ് മാത്രമായിരുന്നു. ഒൻപതാം ഓവറിൽ സ്പിന്നർ മുരുഗൻ അശ്വിന്റെ പന്തിൽ പഞ്ചാബ് നായകൻ കെ.എൽ രാഹുലിന് വിക്കറ്റിന് പിന്നിൽ ക്യാച്ച് നൽകി ശ്രേയസ് മടങ്ങി. പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന റിഷഭ് പന്താണ് പകരമെത്തിയത്.

റിഷഭ് തുടർച്ചയായി പന്തുകൾ പാഴാക്കിയപ്പോൾ റൺറേറ്റ് അൽപ്പം താഴ്ന്നു.20 പന്തുകൾ നേരിട്ട് ഒരു ബൗണ്ടറി മാത്രം പായിച്ച റിഷഭ് 14 റൺസുമായി 14-ാം ഓവറിൽ കൂടാരം കയറിയപ്പോൾ ഡൽഹി 106/3 എന്ന നിലയിലായി. അപ്പോഴേക്കും അർദ്ധസെഞ്ച്വറി കടന്നിരുന്ന ധവാൻ പതറാതെ ഒരറ്റത്ത് ഷോട്ടുകൾ പായിച്ചതോടെ ഡൽഹിക്ക് ആത്മവിശ്വാസമേറി.18-ാം ഓവറിൽ മാർക്കസ് സ്റ്റോയ്നിസ് (9) പുറത്തായതിന് പിന്നാലെയാണ് ധവാൻ രണ്ടാം സെഞ്ച്വറിയിലേക്ക് എത്തിയത്. നേരിട്ട 57-ാമത്തെ പന്തിലായിരുന്നു ധവാൻ ശതകത്തിലെത്തിയത്.ഇന്നിംഗ്സിലെ അവസാന പന്തിൽ ഹെട്മേയറും (10)പുറത്തായപ്പോൾ ധവാൻ തുടർം മുതൽ ഒടുക്കം വരെ രാജാവായി കളം വാണു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറി 10 വർഷം തികഞ്ഞ ദിവസമാണ് ധവാൻ ഐ.പി.എല്ലിലെ സെഞ്ച്വറികൊണ്ട് ആഘോഷമാക്കിയത്. 2009 ഒക്ടോബർ 20ന് വിശാഖപട്ടണത്ത് ആസ്ട്രേലിയയ്ക്ക് എതിരെ ആയിരുന്നു ധവാന്റെ ഏകദിന അരങ്ങേറ്റം.ആ മത്സരത്തിൽ ധവാൻ ഡക്കായിരുന്നു.