
വാടാനപ്പിള്ളി: ഓർഡർ ചെയ്ത ഷവർമ കാറിൽ എത്തിച്ച് കൊടുക്കാത്തതിനു ഹോട്ടൽ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തു. വാടാനപ്പിള്ളി ചേലോട് സ്വദേശി നാലകത്ത് ഹബീബിനെതിരെ(50) ആണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ഹോട്ടലിലേക്ക് കാറിൽ എത്തിയ ഇയാൾ ഷവർമ ഓർഡർ ചെയ്തു. ജീവനക്കാരൻ പാർസൽ എത്തിച്ചതോടെ കാറിൽ വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ സ്ഥാപനത്തിനു പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു. ഇതോടെ ഇയാൾ തോക്ക് ചൂണ്ടുകയായിരുന്നുവത്രെ. ഭയന്ന ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. തിരിച്ചു പോയ ഇയാൾ പിന്നീട് ബൈക്കിലെത്തി വീണ്ടും ഭീഷണിപ്പെടുത്തുകയും പിന്നീട് മടങ്ങിപ്പോയതായും പൊലീസ് പറഞ്ഞു. ഇയാളുടെ സഞ്ചരിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ ഇയാൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച എയർ പിസ്റ്റൾ മാത്യകയിലുള്ള കളിത്തോക്കും പൊലീസ് പിടിച്ചെടുത്തു.