
പയ്യന്നൂർ : കണ്ണൂരിലെ കാങ്കോൽ, പയ്യന്നൂർ എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളിൽ കവർച്ച. കാങ്കോൽ ശിവക്ഷേത്രത്തിൽ ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രമുറ്റത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. അതേ സമയം, ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മോഷണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മോഷ്ടാവിനായുള്ള അന്വേഷണം നടക്കുകയാണ്. രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് കവർച്ച നടന്ന വിവരം അറിയുന്നത്. മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ സുജാത സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്.
പയ്യന്നൂർ ടൗണിലെ കൊക്കാനിശ്ശേരി നിക്കുന്നത്ത് തറവാട് ക്ഷേത്രത്തിലാണ് മറ്റൊരു കവർച്ച. ഇവിടുത്തെ രണ്ട് ഭണ്ഡാരങ്ങളും ഭണ്ഡാരപ്പുരയുടെ രണ്ട് മുറികളും കുത്തിത്തുറന്നിട്ടുണ്ട്. കാങ്കോലിൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ അതേ മാതൃകയിലാണ് ഇവിടെയും ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചത്.