pic

മുംബയ്: കൊവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിരോധന ഉത്തരവുകൾ ലംഘിച്ച് തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത കേസിൽ അറസ്റ്റിലായിരുന്ന 20 വിദേശികളെ മുംബയ് കോടതി കുറ്റവിമുക്തരാക്കി. കേസിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കോടതി ഇവരെ വെറുതെവിട്ടത്.


"സംശയത്തിന്റെ നിഴലിനപ്പുറം പ്രതികൾ നടത്തിയ നിയമ ലംഘനത്തിന് പ്രോസിക്യൂഷന്റെ പക്കൽ തെളിവുകളില്ല.ബോംബെ പൊലീസ് നിയമത്തിലെ 37-ാം വകുപ്പ് പ്രകാരം കുറ്റാരോപിതർ നിയമം ലംഘിച്ചതിനും തെളിവുകളില്ല." അന്ധേരി കോടതിയിലെ മജിസ്‌ട്രേറ്റ് ആർ.ആർ.ഖാൻ ഉത്തരവിൽ പറഞ്ഞു.


ഇന്ത്യൻ ശിക്ഷ നിയമത്തിലെ 269, 270 പ്രകാരം വിദേശ നിയമം, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നി വകുപ്പുകൾ ചുമത്തിയാണ് തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.

എന്നാൽ പൊലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർ ലോക്ക്ഡൗൺ ലംഘിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രതികൾ ഒത്തുകൂടി നിയമം ലംഘിക്കുന്നത് കണ്ടിട്ടില്ലെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവർ കുറ്റക്കാരല്ലെന്ന് കോടതി വിലയിരുത്തിയത്.