
പാട്ന: ബിഹാറിൽ മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. കോൺഗ്രസും ആർ.ജെ.ഡിയും ചേർന്ന് ബീഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടി അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. കോൺസഗ്രസിനെതിരായ ആരോപണം ബി.ജെ.പിക്ക് അനുകൂലമാകുമോ എന്നാണ് ചില രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ജെ.ഡി(യു)-ബിജെപി-ആർ.ജെ.ഡി- കോൺഗ്രസ് എന്നിവരിൽ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ ശബ്ദം ബിഹാറിൽ ഉയരേണ്ടത് ആവശ്യമാണ്. ഇവരുടെ ഭരണത്തിൽ സംസ്ഥാനത്ത് ഇത് വരെ യാതൊരു വികസനവും സംഭവിച്ചിട്ടില്ലെന്നും ഒവൈസി പറഞ്ഞു. ഇതിനൊപ്പം രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലയായ സീമാഞ്ചൽ പ്രദേശത്തെ ജനങ്ങൾക്ക് നീതി നൽകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കോൺഗ്രസിനും ബി.ജെ.പിക്കും ആർ.ജെ.ഡിയ്ക്കും താൻ ഒരു ശല്യമായി മാറിയെങ്കിൽ താൻ എന്തെങ്കിലും നാടിന് വേണ്ടി ചെയ്യുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാരി മുസ്ലീങ്ങൾ എന്തിന് കോൺഗ്രസ്- ആർ.ജെ.ഡി പാർട്ടികൾക്ക് വോട്ട് നൽകണമെന്നും അസദുദ്ദീൻ ഒവൈസി ചോദിച്ചു. അതേസമയം ബി.ജെ.പി.യെ എല്ലായ്പ്പോഴും എതിർക്കുകയാണെന്നും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ഒവൈസി വ്യക്തമാക്കി. അഞ്ച് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച എ.ഐ.എം.ഐ.എം പാർട്ടി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തിനിടെ വളരെ പെട്ടന്നാണ് സ്വാധീനം നേടിയത്. 243 സീറ്റുകളുള്ള ബീഹാർ നിയമാസഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളിലേക്ക് മാത്രമാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്.