kalamasseri-medical-colle

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കൂടുതൽ പേർ. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കിയുടെയും ജമീലയുടെയും ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകും.

വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെ തുടർന്ന് രണ്ട് രോഗികൾ പ്രയാസപ്പെടുന്നതു കണ്ടെന്ന ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ പരാതി നൽകുന്നത്. ഐ സി യുവിലെ പിഴവുകളെക്കുറിച്ച് ഉമ്മ പറഞ്ഞിരുന്നുവെന്നും, മരണകാരണം ഇപ്പോഴാണ് മനസിലായതെന്നും ജമീലയുടെ മകൾ ഹയറുന്നീസ ഷമീർ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഫോൺ ചെയ്തപ്പോൾ ഉമ്മ വലിയ ശബ്ദത്തിൽ, പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടെന്നും, സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ അധികൃതരോട് അനുവാദം ചോദിച്ചിരുന്നുവെന്നും ഹയറുന്നീസ പറയുന്നു. എന്നാൽ എവിടെയാണെങ്കിലും ഈ ചികിത്സയേ കിട്ടുവെന്നും, സാമ്പത്തികമായി തകർന്നു പോകുമെന്നുമായിരുന്നു അധികൃതർ പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.ആലുവയിലെ ജുവലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും ആശുപത്രിയിലെ പരിചരണത്തിൽ വീഴ്ച പറ്റിയതായി ആരോപിച്ചു.