chineese-soldier-handed-b

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചുക്കിൽ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏൽപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോർപറൽ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.

ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്‌തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്നലെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. ഓക്സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി.

ഉയർന്ന ഉയരത്തിൽ നിന്നും കഠിനമായ കാലാവസ്ഥയിൽ നിന്നും സൈനികനെ സംരക്ഷിച്ചതായി ഇന്ത്യൻ സൈന്യം പ്രസ്‌താവനയിലൂടെ അറിയിച്ചു. കാണാതായ സൈനികനെപ്പറ്റി ചൈന അന്വേഷണം നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി. യാക്കിനെ (കബരിമാൻ,മലങ്കാള) വീണ്ടെടുക്കാൻ ഇടയരെ സഹായിക്കുന്നതിനിടെയാണ് സൈനികനെ നഷ്ടപ്പെട്ടതെന്ന് ചൈനീസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു. സൈനികനെ ഇന്ത്യ ഉടൻ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താ‌വനയിൽ പറഞ്ഞിരുന്നു.

ജൂൺ 15ലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും അതിർത്തിയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഘർഷം ലഘൂകരിക്കുന്നതിന് കമാൻഡർ തലത്തിൽ ചർച്ചകൾ ഇരുരാജ്യങ്ങളും നടത്തിയിരുന്നു. ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.