nazeem

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ മുൻ യൂണിറ്റ് പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന നസീമിനെതിരെയുളള പൊതുമുതൽ നശീകരണ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പൊലീസ് ജീപ്പ് തകർത്തതിൽ നസീമിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാനാണ് സർക്കാർ നീക്കം.യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലും, പി എസ് സി ചോദ്യപേപ്പർ ചോർന്ന കേസിലും പ്രതിയാണ് നസീം.

തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് നിയമം ലംഘിച്ച എസ് എഫ് ഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘടിച്ചെത്തിയ എസ് എഫ് ഐ പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യുകയും, പൊലീസ് ജീപ്പ് തകർക്കുകയും ചെയ്യുകയായിരുന്നു.

അഭിഭാഷകയുടെ വീഴ്ച മൂലമാണ് കേസ് പിൻവലിക്കാൻ കോടതി അനുവദിക്കാത്തതെന്ന് ഒരു പ്രതിയുടെ പരാതിയെത്തുടർന്ന് നേരത്തെ സർക്കാർ അഭിഭാഷകയെ മാറ്റിയിരുന്നു.പാർട്ടി ഉന്നത നേതാവിന്റെ മകനെയാണ് പകരം കേസ് നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയത്.