
കാലമാണ് ഏറ്റവും വലിയ പ്രപഞ്ചസത്യമെന്നും അതാണ് ഈശ്വരനെന്നും ഭൗതികവാദവും ആത്മീയവാദവും തത്ത്വത്തിൽ ചെന്നെത്തുന്നത് ഒരിടത്താണെന്നും അക്കിത്തം ചിന്തിച്ചിരുന്നു. ശ്രീമഹാഭാഗവതത്തിൽ അതാണ് കാണുന്നതെന്നും അക്കിത്തം പറഞ്ഞിട്ടുണ്ട്. ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന് സി.കേശവൻ പറഞ്ഞ കാലത്തിന്റെ തുടർച്ചയാണ് അതെന്നുകൂടി ഓർമ്മിക്കാം. സി.കേശവൻ ഇതു പറയുമ്പോൾ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു. ഉത്പതിഷ്ണുക്കളുടെ കാലമായിരുന്നു അത്. തിരിച്ചറിവുകളുടെയും സ്വതന്ത്രചിന്തകളുടെയും സൂര്യനെ മറയ്‌ക്കാൻ ഇരുൾമേഘങ്ങൾ ഒരുമ്പെടാതിരുന്ന കാലം. മാർക്‌സിനെ ഭഗവാൻ കാറൽമാർക്‌സ് എന്ന് സി. കേശവന് വിളിക്കാനായതും അതുകൊണ്ടാണ്. മനുഷ്യൻ എന്ന വലിയ ബിംബത്തെ വലയം ചെയ്തുകൊണ്ടായിരുന്നു അക്കാലത്ത് ബുദ്ധിജീവികൾ ചിന്തിച്ചിരുന്നത്. കാലം ഏല്‌പിക്കുന്ന കടുത്ത മുറിവുകളെയും പ്രത്യാഘാതങ്ങളെയും സഹിഷ്ണുതയോടെ, ചിലപ്പോൾ ചെറുചിരിയോടെ നേരിടാൻ അവർക്കു കഴിഞ്ഞിരുന്നു. ശ്രീനാരായണഗുരു സൃഷ്ടിച്ച അത്യഗാധവും വിശാലവുമായ സാമൂഹ്യബോധത്തിന്റെ ദിവ്യപ്രകാശം ഇതിനെല്ലാം പശ്ചാത്തലമായി വർത്തിച്ചിരുന്നു എന്ന ചരിത്രസത്യം മറക്കാതിരിക്കാം. 1957ൽ ധർമ്മകാഹളം മാസികയിൽ ഗുരുദേവനെക്കുറിച്ച് അക്കിത്തം എഴുതിയ അദ്വൈതഗീതം എന്ന കവിതയിലെ ഒരു ഭാഗം വായിക്കാം.
'ആരോ കണ്ണാടികാണിച്ചുനാടി-
ന്നാത്മജ്ഞാനം നൽകി
വന്നുനമിപ്പൂ ലോകം മുഴുവനു-
മിന്നാതിരുചരണത്തിൽ'-
വിട്ടുപോകാൻ വിസമ്മതിക്കുന്ന പാരമ്പര്യത്തിന്റെ വലിയ ചുമടുകൾ ഇറക്കിവച്ചാണ് അക്കിത്തം മലയാളഭാവനയെ നവീകരിച്ചുകൊണ്ട് പുതിയ കാവ്യലോകം ചമച്ചത്. അതുകൊണ്ടുതന്നെ വിരുദ്ധബിംബങ്ങളുടെ ഒരു വേലിയേറ്റം അക്കിത്തത്തിന്റെ കവിതകളിലുടനീളം സാഗരശോഭ പരത്തുന്നത് കാണാം. അവയിൽ പലതും ഇന്നും മലായാളകാവ്യഭാവനയെ ചൊടിപ്പിക്കുന്നുണ്ട്.
നിരത്തിൽ കാക്കകൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകൾ
മുലചപ്പി വലിക്കുന്നു
നരവർഗ്ഗ നവാതിഥി- എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ വായിക്കുമ്പോൾ മലയാളഭാവന ശരിക്കും നടുങ്ങിയിട്ടുണ്ടാവും. ഇത്രയും തീക്ഷ്ണമായ ഒരു കാവ്യബിംബം സൃഷ്ടിക്കാൻ ഇന്നും നമ്മുടെ കാവ്യഭാവനയ്ക്ക് ഭയം തോന്നിയേക്കാം.
നവീനകവിതയുടെ വിത്തുപാകിയത് മാധവൻ അയ്യപ്പത്ത് ആണെന്ന് നിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പരമ്പരാഗത ഈടുവയ്‌പുകൾ പൊട്ടിച്ച് പുതിയ കാവ്യഭാവനയിലേക്കുള്ള വാതായനം തുറന്നിട്ടത് അക്കിത്തം അച്യുതൻനമ്പൂതിരി ആണെന്ന് പറയാനാവും. അന്നുവരെ ഉണ്ടായിരുന്ന കാവ്യസങ്കല്പങ്ങൾക്കു മേൽ ഒരിടിമുഴക്കമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പിറന്നുവീണത്.
പ്രകാശത്തെ വിഴുങ്ങുന്ന ഒരു കാലം തന്റെ മുന്നിൽ വാപിളർന്നു നിൽക്കുന്നത് കവിക്ക് കാണാമായിരുന്നു. 1951ൽ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതുമ്പോൾ തമോഗർത്തമായി മാറിയേക്കാവുന്ന കാലത്തെക്കുറിച്ച് അക്കിത്തം സ്വപ്നം കണ്ട് പേടിച്ചിട്ടുണ്ടാവും. അന്നുവരെ മലയാളകവികൾ വെളിച്ചത്തെയാണ് സ്വപ്നം കണ്ടിരുന്നത്. മലയാളകവിതയെയും അതുവഴി സമൂഹിക ജീവതത്തെയും നവോത്ഥാനത്തിന്റെ പുലരിയിലേക്ക് കൈപിടിച്ചു നടത്തുക വഴി ആധുനിക കവിതയുടെ നടുനായകനായി പരിലസിച്ച മഹാകവി കുമാരനാശാന്റെ കവിതകളിൽ വെളിച്ചത്തിന്റെ ബിംബങ്ങൾ ശാരാദാംബരത്തിലെ നക്ഷത്രങ്ങളെപ്പോലെ വിളങ്ങുന്നതു കാണാം.
'സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.' - എന്നാണ് കുമാരനാശാൻ സ്വപ്നം കണ്ടത്. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകമായിരുന്ന കാലത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ പകൽ വെളിച്ചത്തിലേക്ക് വന്നെത്തിയതിന്റെ ആനന്ദം അതിവേഗം മാഞ്ഞുപോകുന്നത് അക്കിത്തം കണ്ടു.
"വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം " - എന്നെഴുതേണ്ടിവന്നത് അതുകൊണ്ടാണ്.
കാലത്തിനുമുന്നിൽ എടുത്തുപിടിച്ച മുന്നറിയിപ്പു പോലെ മാറിയ ആ കാവ്യബിംബത്തിനപ്പുറം വെളിച്ചത്തിന്റെ നിലാമഴ ദർശിക്കാനാണ് കവി എന്നും ആഗ്രഹിച്ചിരുന്നത്.
"ബോംബിനായ് ദുർവ്യയം ചെയ്യു-
മാണവോൽബണ ശക്തിയാൽ
അന്ധ ഗ്രാമ കവലയിൽ
സ്നേഹദീപം കൊളുത്തുക "- എന്ന് കവി ഉദ്ബോധിപ്പിക്കുന്നത് മാനവികതയുടെ ആ പ്രകാശകിരണങ്ങൾക്കായി ആഗ്രഹിക്കുന്നതുകൊണ്ടാണ്.
"അസത്യം ,ചതി,തീവെയ്പും ,
കൊള്ള,വഞ്ചന,ചോരണം ,
ചാരവൃത്തി വധം പോലും ,
പാവനം ജനസേവനം " -ഇങ്ങനെയൊരുകാലത്ത് മനുഷ്യസ്നേഹിയായ ഒരു കവിക്ക് വെളിച്ചത്തെക്കുറിച്ച് അധികം സ്വപ്നം കാണാനാവില്ലല്ലോ. എങ്കിലും അക്കിത്തത്തിന്റെ കാവ്യഭാവന എന്നും സഞ്ചരിക്കാനാഗ്രഹിച്ചത് പൗർണമിയുടെ സ്നേഹതീരങ്ങളിലേക്കാണ്.
"തോക്കിനും വാളിനും വേണ്ടി
ചെലവിട്ടൊരിരുമ്പുകൾ
ഉരുക്കി വാർത്തെടുക്കാവൂ
ബലമുള്ള കലപ്പകൾ ." എന്ന് കവി എഴുതുമ്പോൾ സോവിറ്റ് യൂണിയൻ തകർന്നിരുന്നില്ല. യുക്രെയ്‌നിലെ ആയുധനിമ്മാണശാലയിൽ കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആരും സ്വപ്നം കണ്ടിരുന്നുമില്ല. പതിറ്റാണ്ടുകൾക്കുശേഷം ആ വാർത്ത വായിച്ചപ്പോൾ കവിയും അമ്പരന്നിട്ടുണ്ടാവും. കവി കാലത്തിനപ്പുറം പ്രകാശം പരത്തുന്നത് ഇങ്ങനെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം വീണ്ടും വായിക്കുമ്പോൾ ക്രാന്തദർശിയായ കവി ഉടലോടെ കൺമുന്നിൽ നിൽക്കുന്നത് കാണാനാവും. അഴീക്കോട് പറഞ്ഞിട്ടുള്ളതു പോലെ ഏറ്റവും ശാന്താത്മാവായ കവിയാണ് അക്കിത്തം. എന്നാൽ, എം,ലീലാവതി പറഞ്ഞപോലെ-"കണ്ണീരാണ് അക്കിത്തം കവിത വാർക്കാനുപയോഗിച്ച മുഖ്യ വസ്തു "- എന്ന് പറയാനാവില്ല. കണ്ണീരിനപ്പുറമുള്ള സ്ഥായീഭാവങ്ങളാണ് അക്കിത്തത്തിന്റെ കാവ്യബോധത്തെ എന്നും നയിച്ചിരുന്നത്. അതുകൊണ്ടാണ്.
' ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായിഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാൻ മറ്റു-
ള്ളവർക്കായിചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമ്മല പൗർണമി '.- എന്നെഴുതാൻ കവിക്കായത്.
കലാവാസന ചിത്രമെഴുത്തായി തെളിഞ്ഞ ഹരിമംഗലം ക്ഷേത്രച്ചുവരിലായിരുന്നു അക്കിത്തത്തിന്റെ ആദ്യകവിതയും വിരിഞ്ഞത്. അമ്പലച്ചുവരുകൾ കുത്തിവരച്ച് ചീത്തയാക്കുന്ന കുട്ടികളോടുള്ള പ്രതിഷേധമായിരുന്നു ആ കവിതയെന്നാണ് അക്കിത്തംതന്നെ പറഞ്ഞിട്ടുള്ളത്.
"അമ്പലങ്ങളിൽ ഈ വണ്ണം
തുമ്പില്ലാതെ വരയ്ക്കുകിൽ
വമ്പനാം ഈശ്വരൻ വന്നി-
ട്ടെമ്പാടും നാശമാക്കിടും "- എന്നായിരുന്നു ആ പിഞ്ചുകരങ്ങൾ അന്ന് കുറിച്ചത്. തത്ത്വജ്ഞാനിയായ ഒരു കവിയുടെ പിറവിയായിരുന്നു അതെന്ന് തിരിച്ചറിയുകയായിരുന്നു പിന്നീട് മലയാളകാവ്യലോകം.