yogi

പാറ്റ്ന: 'ബി ജെ പി സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യൂ. അവർ എം എൽ എമായാരായാൽ ഉറപ്പായും നിങ്ങളെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനായി കൊണ്ടുപോകും'- നിയമസഭയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ വോട്ടർമാർക്കുളള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഗ്ദ്ധാനമാണിത്. രാമക്ഷേത്രവും ഭീകരതക്കെതിരെയുളള പോരാട്ടാവും, സർജിക്കൽ സ്ട്രൈക്കും, ആർട്ടിക്കിൾ 370 റദ്ദാക്കിയതുമുൾപ്പടെ വോട്ടർമാരിലേക്ക് എത്തിച്ച് എൻ ഡി എയ്ക്ക് സംസ്ഥാന ഭരണം ഉറപ്പിക്കുകയാണ് ബി ജെ പിയുടെ താരപ്രചാരകനായ യോഗിയുടെ ലക്ഷ്യം. അതിനുളള മാർഗമാണ് ഭക്തിയും കേന്ദ്രത്തിന്റെ നേട്ടങ്ങളും കൂട്ടിക്കലർത്തിയുളള യാേഗിയുടെ പ്രസംഗങ്ങൾ. ഒക്ടോബർ 28ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിനുമുമ്പ് നടക്കുന്ന പന്ത്രണ്ടോളം റാലികളിൽ യാേഗി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

'രാജ്യത്ത് ഭീകരവാദം അവസാനിപ്പിച്ചത് മോദി സർക്കാരാണ്. ഇന്ത്യൻ മണ്ണിൽ ഭീകരത വളർത്താൻ കഴിയില്ലെന്ന് ഇപ്പോൾ പാകിസ്ഥാൻ തിരിച്ചറിഞ്ഞു. ഇന്ത്യയുടെ ശക്തമായ നടപടികളാണ് അതിനുകാരണം. അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് ബി ജെ പി പഞ്ഞു. നരേന്ദ്രമോദി ആ വാഗ്ദ്ധാനം നടപ്പാക്കി. യാതൊരു വേർതിരിവും കാണിക്കാതെ മോദി പാവങ്ങൾക്ക് വീടുകൾ നൽകി'- കേന്ദ്രത്തിന്റെ നേട്ടങ്ങളെക്കുറിച്ച് യോഗി പറയുന്നു.

സംസ്ഥാനത്തിന്റെ വികസനവും യോഗി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. 'നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ സ്ഥിതി എന്താണെന്ന് നിങ്ങൾക്ക് അറിയാം. ജനങ്ങളുടെ താത്പര്യപ്രകാരമാണ് നിതീഷ് കുമാർ സർക്കാർ പ്രവർത്തിക്കുന്നത്. യാതൊരുതരത്തിലുളള വേർതിരിവും സർക്കാർ കാണിക്കുന്നില്ല. മോദിയും നിതീഷ് കുമാറും ചേർന്ന് ബീഹാറിലെ പാവപ്പെട്ടവർക്ക് സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയും നൽകും'-വോട്ടർമാർക്ക് യോഗി ഉറപ്പുകൊടുത്തു. പേരെടുത്തുപറയാതെ ലാലുപ്രസാദിനെയും പ്രതിപക്ഷത്തെയും അദ്ദേഹം കളിയാക്കുകയും ചെയ്തു. കാലിത്തീറ്റ കഴിക്കുന്നവരെ ബീഹാറിലെ ജനങ്ങൾതളളിക്കളയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മുൻ ബീഹാർ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവ്. ഇക്കാര്യത്തെയാണ് അദ്ദേഹം സൂചിപ്പിച്ചത്.

ബീഹാറിൽ ജയിക്കാം എന്നുതന്നെയാണ് എൻ ഡി എയു‌ടെ പ്രതീക്ഷ. എന്നാൽ ചിരാഗസ് പസ്വാൻ പ്രതിപക്ഷത്തോട് അടുക്കുന്നു എന്നുളള അഭ്യൂഹം എൻ ഡി എയ്ക്ക് ചെറിയതോതിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.