d-jyothish

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാദേശിക തലത്തിൽ നേതാക്കന്മാരും പ്രവർത്തകരും പാർട്ടി മാറുന്നത് തകൃതിയായി നടക്കുകയാണ്. ഏറ്റവും ഒടുവിലായി തിരിച്ചടി ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. ചേർത്തല നഗരസഭയിലെ ആദ്യ ബി.ജെ.പി കൗൺസിലറായ ഡി.ജ്യോതിഷാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകി ഞെട്ടിപ്പിച്ചിരിക്കുന്നത്.

തന്റെ പ്രവർത്തനങ്ങൾ പാർട്ടിയിലെ പലർക്കും ഉൾക്കൊളളാൻ കഴിയുന്നില്ലെന്നും തുടർച്ചയായ അവഗണനയിൽ ആത്മഹത്യയുടെ വക്കിൽ ആണെന്നും ജ്യോതിഷ് പാർട്ടിക്ക് നൽകിയ രാജിക്കത്തിൽ പറയുന്നു. അവഗണന സഹിച്ച‌് ഇനിയും തുടർന്ന‌ാൽ, ഒരുനിമിഷം മനസ്‌ ഒന്ന‌് പാളിയാൽ ആത്മഹത്യ ചെയ‌്തു പോകാം. കൗൺസിലറെന്ന നിലയിലെ പ്രവർത്തനങ്ങൾ അംഗീകരിക്കാതെ ബി.ജെ.പി നേത‌ൃത്വം മുഖംതിരിക്കുകയാണെന്നും കത്തിൽ ജ്യോതിഷ് പറയുന്നു.

അതേസമയം കൗൺസിലർ രാജിവയ്‌ക്കുന്നു എന്ന വാർത്തകൾ ബി.ജെ.പി നേതൃത്വം നിഷേധിച്ചു. കത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജ്യോതിഷും വ്യക്തമാക്കി. നഗരസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ചേർത്തല നഗരസഭ പതിമൂന്നാം വാർഡിലെ കൗൺസിലറാണ് ജ്യോതിഷ്. മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ജ്യോതിഷ‌ിനെ അവഗണിച്ചിരുന്നു. അടുത്ത‌ തിരഞ്ഞെടുപ്പിൽ ജ്യോതിഷിന് സീറ്റ‌് നൽകുന്നതിലും ബി.ജെ.പിയിലെ പ്രബലവിഭാഗം എതിരാണ‌്.