nellu

പാലക്കാട്ടുകാർക്ക് നെൽകൃഷിയെന്നത് ജീവിത രീതിയാണ്. ചിറ്റൂർ, ആലത്തൂർ, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കൂകളിലെ ഗ്രാമീണരിൽ കുറേപ്പേർക്കെങ്കിലും ഇന്നും നെൽകൃഷി തൊഴിലും ഉപജീവനവുമാണ്. സർക്കാർ നൽകുന്ന തീരെ മോശമല്ലാത്ത താങ്ങുവിലയിലും അനുബന്ധ സബ്സിഡികളിലും പ്രതീക്ഷയർപ്പിച്ചാണ് ഓരോ കർഷകരും പാടത്ത് വിളവിറക്കുന്നത്. പക്ഷേ, കാർഷിക മേഖലയിലയെ പരിപോഷിപ്പിക്കാനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിലെ ആസൂത്രണമില്ലായ്മ ഈ രംഗത്തെ സ്വാഭാവിക മുന്നേറ്റങ്ങളുടെ പോലും നിറം കെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം.

പാലക്കാട് ജില്ലയിൽ നല്ലൊരു ശതമാനവും ഇടത്തരം ചെറുകിട നെൽകർഷകരാണ്. കാലാവസ്ഥ വ്യതിയാനങ്ങളെയും വന്യജീവിശല്യത്തെയും അതിജീവിച്ച് കൃഷിയിറക്കുന്ന ഇവർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രം. കർഷകർക്ക് ആശ്വാസമാകേണ്ട 'സംഭരണം' ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിക്കപ്പെടുമ്പോൾ വിയർപ്പൊഴുക്കി കൊയ്‌തെടുത്ത നെല്ല് വിൽക്കാൻ കുറഞ്ഞ വിലനൽകുന്ന ഇടനിലക്കാരെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ ബഹുഭൂരിപക്ഷം കർഷകരും. ബാങ്കിൽ നിന്നെടുത്ത വായ്പയും വട്ടിപലിശക്കാരിൽ നിന്നും വാങ്ങിയ തുകയും തിരിച്ചടയ്ക്കാൻ എന്തുചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ് ഇവർ.

ജില്ലയിൽ ഒന്നാംവിള കൊയ്‌ത്താരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴും നെല്ല് സംഭരണത്തിന് പ്രതീക്ഷിച്ചത്ര വേഗത കൈവന്നിട്ടില്ലെന്നതാണ് വസ്തുത. ജില്ലയിൽ മിക്കയിടങ്ങളിലും കൊയ്‌ത്ത് പൂർത്തിയാക്കി കർഷകർ രണ്ടാംവിളയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ചിലയിടങ്ങളിൽ കൊയ്‌ത്ത് അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തിലും ജില്ലയിൽ നെല്ല് സംഭരണം 35 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നത് സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് പ്രകടമാക്കുന്നത്.

ഇടത്തരം ചെറുകിട കർഷകർ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാൻ കഴിയാതെ ദുരിതത്തിലാണ്. ചിറ്റൂർ, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി മേഖലകളിൽ പലരും നെല്ല് ചാക്കിലാക്കി പാടത്തു തന്നെയാണ് സൂക്ഷിക്കുന്നത്. ചിലർ വീടുകളിൽ എത്തിച്ചിട്ടുണ്ട്. ഇടയ്ക്കിടെ എത്തുന്ന തുലാമഴ ഇവർക്ക് തിരിച്ചടിയാണ്. മഴയത്ത് നനവ് തട്ടിയാൽ നെല്ല് മുളപൊട്ടും. ഈർപ്പമുള്ള നെല്ല് സപ്ലൈക്കോ സംഭരിക്കില്ലെന്നതും വലിയ പ്രതിസന്ധിയാണ്. പിന്നീട് കിട്ടുന്ന വിലയ്‌ക്ക് സ്വകാര്യ മില്ലുകാർക്ക് നെല്ലളക്കുകയേ വഴിയുള്ളൂ. നെൽകൃഷിക്ക് സർക്കാരിന്റെ കൈയിൽ കൃത്യമായ കലണ്ടർ ഉണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ലെന്നതാണ് സത്യം. പ്രതികൂലമായ കാലവസ്ഥയെ അതിജീവിച്ച് ഒരു വിധത്തിൽ വിളയിച്ചെടുക്കുന്ന നെല്ലിന് ന്യായമായ വിലകിട്ടാൻ നാടെങ്ങും അലയേണ്ടി വരുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഏകോപനമില്ലായ്മ

വലിയ തിരിച്ചടി
വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് കാർഷിക മേഖലയിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ സമ്പൂർണമായി പരാജയപ്പെടാൻ കാരണം. കൃഷിയും അനുബന്ധകാര്യങ്ങളും കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് എങ്കിലും തദ്ദേശ, ജലസേചന , സിവിൽ സപ്ലൈസ്, തൊഴിൽ, സഹകരണ വകുപ്പുകൾക്കും നമ്മുടെ കാർഷിക പുരോഗതിയിൽ സുപ്രധാനമായ പങ്കുവഹിക്കാനാകുന്നുണ്ട്. ഓരോ വിളകളും ഏത് സമയത്ത് ആരംഭിക്കണം, അതത് കാലത്ത് നടത്തേണ്ട വളപ്രയോഗം, വിളവെടുപ്പ് കാലം തുടങ്ങി ശാസ്ത്രീയമായ ഒരു കലണ്ടർ കൃഷി വകുപ്പിനുണ്ട്.

ഇതൊന്നും പക്ഷേ നമ്മുടെ മണ്ണിൽ പ്രതീക്ഷിച്ചതുപോലെ നടക്കുന്നില്ല. കൃഷിവകുപ്പിന് മറ്റു വകുപ്പുകളിൽ നിന്നുള്ള സഹകരണം ഉറപ്പാക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. നാലുമാസം മുമ്പ് ആരംഭിച്ച ഒന്നാംവിളയുടെ കൊയ്‌ത്ത് പൂർത്തിയാകുമ്പോഴും നെല്ല് സംഭരണം ഒച്ചിഴയും വേഗത്തിലാണ്. സംഭരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിളവെടുപ്പിന്റെ സമയം മുൻകൂട്ടി അറിയാമെന്നിരുന്നിട്ടും സംഭരണത്തിനായുള്ള ഓൺലൈൻ നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ മടികാണിച്ചു. സംഭരണം ആര് നടത്തണം എന്നതിനെക്കുറിച്ച് പോലും വ്യക്തതയില്ലാത്ത അവസ്ഥ. ഒടുവിൽ കർഷകരുടെ നിരന്തരമായ മുറവിളികൾക്കൊടുവിലാണ് സഹകരണ ബാങ്കുകൾ വഴിയും നെല്ല് സംഭരിക്കാനുള്ള അനുവാദം സർക്കാർ നൽകിയത്. അപ്പോഴേക്കും പല കർഷകരും നെല്ല് കുറഞ്ഞ വിലക്ക് സ്വകാര്യ മില്ലുടമകൾക്ക് വിറ്റുകഴിഞ്ഞിരുന്നു. ഈ പ്രതിസന്ധികൾ എന്ന് പരിഹരിക്കപ്പെടുമെന്നറിയാതെ ഇപ്പോഴും പ്രതീക്ഷ വറ്റാതെ കാത്തിരിക്കുകയാണ് കർഷകർ.

രണ്ടാംവിളയ്ക്ക് വെള്ളം വില്ലനാകും

ഒന്നാംവിള കഴിഞ്ഞ് രണ്ടാംവിളയിലേക്ക് കടക്കുന്ന കർഷകരെ കാത്തിരിക്കുന്നത് വെള്ളത്തിന്റെ ദൗർലഭ്യമാണ്. ജലസേചന വകുപ്പിന്റെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത്തവണയും കാര്യങ്ങൾക്ക് മാറ്റമുണ്ടാകില്ല. നിലവിൽ ജില്ലയിലെ ഡാമുകളിൽ ആവശ്യത്തിന് വെള്ളമുണ്ട്. കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും യാതൊരു മുടക്കവും കൂടാതെ വെള്ളം തുറന്നുവിടാൻ കഴിയുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്. പക്ഷേ, മുൻകാല ചരിത്രം പരിശോധിച്ചാൽ ഈ ഉറപ്പുകൾ പാഴായി പോയതായും കാണം. ഇതാണ് കർഷകരെ വെട്ടിലാക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ കനാലുകൾ, മോട്ടോറുകൾ ഇല്ലാത്ത പമ്പ് ഹൗസുകൾ തുടങ്ങി കർഷകരെ ദുരിതത്തിലാക്കുന്നവ യഥാസമയം നന്നാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.


ഇനിയും ഉണർന്നില്ലെങ്കിൽ

പുതുതലമുറ അകലും

കാലാവസ്ഥാ വ്യതിയാനവും ഉത്പാദനചെലവ് വർദ്ധിച്ചതും കാരണം കൃഷി ആദായകരമല്ലെന്ന് പറഞ്ഞ് മണ്ണിനെ ഉപേക്ഷിച്ചവർ നിരവധിയാണ്. എന്നാൽ, സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടെ പ്രതീക്ഷയർപ്പിച്ച് നൂറുകണക്കിന് യുവാക്കൾ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനൊരുങ്ങുന്നത് ഭാവികേരളത്തിന് ശുഭസൂചനയാണ്. മികച്ച ആസൂത്രണത്തിലൂടെയും നടത്തിപ്പിലൂടെയും കാർഷിക മേഖലയെ വളർത്തിയെടുക്കാൻ സർക്കാർ വകുപ്പുകൾ സഹായിക്കുകയാണ് വേണ്ടത്. ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്ന പല പദ്ധതികളും യഥാസമയം മണ്ണിലേക്കിറക്കാൻ ഇനിയെങ്കിലും ഉദ്യോഗസ്ഥർ തയാറാകണം. ജോലികൾ അവസാന മണിക്കൂറുകളിലേക്ക് നീട്ടിവെച്ച് കർഷകരെ ദുരിതത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് അവർ പിൻമാറണം. ഇനിയും അതിന് കഴിഞ്ഞില്ലെങ്കിൽ പുതുതലമുറ കൃഷിയിൽ നിന്ന് കൂടുതൽ അകന്നുപോകും. നാട്ടിലെ കൃഷിയിടങ്ങൾ തരിശിട്ട് അന്യസംസ്ഥാനത്തെ അരിവണ്ടികളെ കാത്തിരിക്കുന്ന അവസ്ഥ തുടർന്നു കൊണ്ടേയിരിക്കും.