babiya-

കാസർകോട് : അനന്തപുരം തടാക ക്ഷേത്രത്തിന്റെ രൂപഭംഗിയിലുള്ള വിസ്മയം ഒരു പടികൂടി ഉയർത്തുന്നതാണ് തടാകത്തിൽ വസിക്കുന്ന ബബിയ എന്ന മുതലയെപറ്റിയുള്ള കഥകൾ. പൂജാരി വിളിച്ചാൽ വെള്ളത്തിൽ നിന്ന് പൊങ്ങിവന്ന് നിവേദ്യച്ചോർ കഴിക്കുന്ന ശുദ്ധ വെജിറ്റേറിയൻ മുതലയാണ് ബബിയ. എന്നാൽ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈകുന്നേരം ബബിയ ക്ഷേത്രനടയിൽ കയറി എന്ന തരത്തിൽ ചില ഫോട്ടോകൾ പ്രചരിച്ചിരുന്നു. ക്ഷേത്ര നടയിൽ കിടക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിനായി അനന്തപുരം ക്ഷേത്ര അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ എല്ലാ ദിവസവും രാത്രിയിൽ ബബിയ കരയിൽ പടിക്കെട്ടിൽ കയറികിടക്കാറുണ്ടെന്നും, പുലർകാലത്ത് തന്നെ തിരികെ തടാകത്തിലേക്ക് മടങ്ങുകയും ചെയ്യാറുണ്ടെന്ന് അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പതിവ് സമയം കഴിഞ്ഞും രാവിലെ ആറുമണിയോടെയാണ് ബബിയ മടങ്ങിയത്. എന്നാൽ ആനപ്പടിക്കപ്പുറം ബബിയ വന്നിട്ടില്ലെന്നാണ് കേരള കൗമുദി ഓൺലൈനോട് അനന്തപുരം ക്ഷേത്ര അധികൃതർ പറഞ്ഞത്.


72 വയസുള്ള 'ബബിയ' മുതല ക്ഷേത്ര പൂജാരി ചന്ദ്രപ്രകാശ് നമ്പീശന്റെ വിളിക്ക് കാതോർത്താണ് വെള്ളത്തിൽ നിന്നും പൊങ്ങി വരുന്നത്. ഭക്ഷണം കഴിച്ച് തൃപ്തിയോടെ മടങ്ങുന്ന മുതല തടാകത്തിലെ മീനുകളെയൊന്നും ദ്രോഹിക്കാറില്ല. സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല.


ദൈവിക പരിവേഷമുള്ള മുതല
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. കാസർകോട്ടു നിന്ന് 16 കിലോമീറ്റർ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം. ക്ഷേത്രത്തിലേക്കു പാലമുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാളക്കാരൻ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ വെടിവച്ചുകൊന്നെന്നും രണ്ടാം ദിവസം മുതല വീണ്ടും പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം. ദൈവിക പരിവേഷമുള്ള മുതലയെ കാണാനും ക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകളാണ് നിത്യവും അനന്തപുരത്തെത്തുന്നത്.


ക്ഷേത്ര ഐതിഹ്യം

തടാകക്ഷേത്രത്തിൽ ഉപാസിച്ചിരുന്ന വില്വമംഗലം സ്വാമിയെ സഹായിക്കാൻ ഊരും പേരും അറിയാത്ത ഒരു ബാലൻ എത്തി. ഒരിക്കൽ സ്വാമി പൂജ ചെയ്യുമ്പോൾ ബാലൻ പൂജാസാധനങ്ങളെടുത്ത് കുസൃതി കാണിച്ചു. ബാലനെ സ്വാമി തള്ളിമാറ്റി. ബാലൻ ദൂരേക്കു തെറിച്ചുവീണിടത്ത് ഒരു ഗുഹ പ്രത്യക്ഷപ്പെട്ടു. ബാലന്റെ ദിവ്യത്വം മനസിലായ സ്വാമി പിറകേ പോയി. എത്തിയത് ഇന്നത്തെ തിരുവനന്തപുരത്ത്. അപ്പോൾ ബാലൻ ഭഗവാനായി പ്രത്യക്ഷപ്പെട്ടു. ഭഗവാൻ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളിൽ കിടക്കാൻ അപേക്ഷിച്ചു. അങ്ങനെയാണ് പ്രതിഷ്ഠ അനന്തശയനം ആയത് എന്നാണ് ഐതിഹ്യം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്നതായി കരുതുന്ന ഒരു ഗുഹയുടെ മുഖം തടാക ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്.