
വാഷിംഗ്ടൺ: ആഗാേള റീട്ടയിൽ ഭീമനായ ആമസോൺ തങ്ങളുടെ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സമയപരിധി വർദ്ധിപ്പിച്ചു. 2021 ജൂൺ 30 വരെയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞദിവസമാണ് ഇ മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. നേരത്തേ വർക്ക് ഫ്രം ഹോമിന്റെ സമയപരിധി അടുത്തവർഷം ജനുവരിവരെയായിരുന്നു.
ലോകത്ത് കൊവിഡ് ശമനമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അമേരിക്കയിൽ തങ്ങളുടെ 19,000 ജീവനക്കാർക്ക് ഈ വർഷം കൊവിഡ് ബാധിച്ചെന്ന് മൂന്നാഴ്ച മുമ്പ് ആമസോൺ വെളിപ്പെടുത്തിയിരുന്നു. ഇതും പുതിയ തീരുമാനത്തിന് കാരണമായെന്നാണ് കരുതുന്നത്.
ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനുവേണ്ടി കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ട്വിറ്റർ, മൈക്രോസോഫ്ട്, ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ ടെക്ക് ഭീമന്മാരും ജീവനക്കാരുടെ വർക്ക് ഫ്രം ഫോം പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവനക്കാർക്ക് അടുത്തവർഷം ജൂലായ് വരെ വർക്ക് ഫ്രം ഹോം അനുവദിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഗൂഗിൾ ജൂൺവരെയാണ് വർദ്ധിപ്പിച്ചത്. ചില കമ്പനികൾ ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുവാദം നൽകിയെന്ന് നേരത്തേ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും വീട്ടിലിരുന്നുളള ജോലി തങ്ങൾക്ക് അധിക സമ്മർദ്ദത്തിന് ഇടയാക്കുന്നു എന്നാണ് ചില ജീവനക്കാരുടെ പരാതി. ഓഫീസിലിരുന്ന് ജോലിചെയ്യുന്നതിനെക്കാൾ കൂടുതൽ സമയം ജോലിചെയ്യേണ്ടിവരുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.