ferula-asafoetida

ന്യൂഡൽഹി : പൊടിരൂപത്തിലും കട്ടയായും ലഭിക്കുന്ന കായമില്ലാതെ സാമ്പാറും അച്ചാറും തയ്യാറാക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. കായം എന്ന പദാർത്ഥം മരത്തിൽ നിന്നും ലഭിക്കുന്ന കറയാണെന്ന അറിവ് ഉള്ളവർക്ക് പോലും ഇത് എവിടെയാണ് കൃഷി ചെയ്യുന്നതെന്ന് ഒരു പക്ഷേ അറിയാൻ വഴിയില്ല. ഇന്ത്യയ്ക്ക് ഒരു വർഷം വേണ്ടത് ഉദ്ദേശം 900 കോടി രൂപയുടെ കായമാണ്. പാചകത്തിന് പുറമേ മരുന്ന് നിർമ്മാണത്തിനും കായം കൂടിയേ തീരു. അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് കായം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇനി മുതൽ കായം ഇന്ത്യയിൽ തന്നെ കൃഷി ചെയ്ത് ഉല്പാദിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് ഹിമാലൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ റിസോഴ്സ്. ലോകത്തെ 40 ശതമാനം കായം ഉപഭോഗം ഇന്ത്യയിലാണ്, നിലവിൽ 1200 ടണ്ണോളമാണ് ഇറക്കുമതി ചെയ്യുന്നത്.


100 ഗ്രാമിന് 300 രൂപ മുതൽ 1000 രൂപ വരെയാണ് വില. കുറ്റിച്ചെടിയായി വളരുന്ന കായമരത്തിന്റെ വേരുകളിൽ നിന്നെടുക്കുന്ന എണ്ണമയമുള്ള അരക്കിൽ നിന്നാണ് കായം വേർതിരിച്ചെടുക്കുന്നത്.

വരണ്ടതും തണുപ്പുള്ളതുമായ പ്രത്യേക കാലാവസ്ഥയിൽ വളരുന്ന കായച്ചെടി ഇന്ത്യയിൽ കൃഷി ചെയ്യാനുള്ള ശ്രമം നടന്നിരുവെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് കേന്ദ്ര കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിലുള്ള പാലംപൂരിലെ ഹിമാലൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ റിസോഴ്സസിന്റെ (ഐ.എച്ച്.ബി.ടി) പ്രയത്നം വിജയം കാണുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ക്വാറിംഗ് ജില്ലയിലെ ലാഹുൽ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം കായവിത്തുകൾ മുളപ്പിച്ച് കൃഷി തുടങ്ങി. ഇറാനിൽ നിന്ന് ആറ് തരം വിത്തുകൾ എത്തിച്ച് ലാബുകളിൽ മരുഭൂമിയിലേതിന് സമാന കാലാവസ്ഥയിൽ പരീക്ഷണം നടത്തി 20 ദിവസങ്ങൾകൊണ്ടാണ് മുള പൊട്ടിയത്. ലാഹുൽ ഗ്രാമത്തിലെ കൃഷി 500 ഏക്കറിലാണ് കായം പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. അപ്പോൾ സ്വദേശി കായമിട്ട സാമ്പാർ കൂട്ടി ഊണുകഴിക്കാൻ റെഡിയായിക്കോളൂ.