jio

രാജ്യത്ത് ആദ്യമായി 4ജി നെ‌റ്റ്‌വർക്ക് നൽകി രംഗപ്രവേശം ചെയ്‌ത മുകേഷ് അംബാനിയുടെ ജിയോ ഇപ്പോൾ മ‌റ്റ് കമ്പനികൾക്ക് മുൻപ് തന്നെ സമഗ്രമായ 5ജി പ്ളാനുമായി എത്തുകയാണ്. ക്വാൽകോം പിന്തുണയുള‌ള എൽടിഇ വോയിസ്,ഡേ‌റ്റ കണക്ഷൻ തന്നെയാകും ജിയോ നൽകുക. മുകേഷ് അംബാനിയുടെ സ്വപ്‌നമായ ടുജി മുക്ത ഭാരതം നടപ്പാക്കാൻ 5ജി സ്‌മാർട്ട്ഫോണും പുറത്തിറക്കാൻ പദ്ധതിയുണ്ട് ജീയോയ്‌ക്ക്. വളരെ വിലക്കുറവിലും തികച്ചും സൗജന്യമായും ഡാ‌റ്റ സേവനം നൽകി നിരവധി ഉപഭോക്താക്കളെ നേടിയെടുത്ത ജിയോ 40 കോടി ഉപഭോക്താക്കളെ നേടുന്ന ആദ്യ ടെലികോം കമ്പനിയായി. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഫേസ്‌ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും ഓഹരി പങ്കാളിത്തത്തിനായി വൻതോതിൽ ധനസമ്പാദനവും ജിയോയ്‌ക്ക് ലഭിച്ചു. 5ജി സേവനം ആരംഭിക്കുമ്പോൾ ഈ വളർച്ച ഇനിയും ഇരട്ടിക്കും എന്നാണ് കമ്പനി കരുതുന്നത്. നിലവിൽ മ‌റ്റ് ടെലകോം കമ്പനികൾ 4ജി സേവനം തടസമില്ലാതെ നൽകാൻ കഴിയാതെ വിഷമിക്കുമ്പോഴാണിത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി റേഡിയോ ആക്‌സസ് നെ‌റ്റ്‌വർക്ക് ആണ് ജിയോയുടേതെന്ന് റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡന്റ് മാത്യു ഉമ്മൻ ക്വാൽകോം 5ജി ഉച്ചകോടിയിൽ അറിയിച്ചു.മ‌റ്റ് കമ്പനികൾക്കൊപ്പം സ്‌നാപ്‌ഡ്രാഗൺ ജിയോയെയും പിന്തുണക്കും. ഇന്ത്യയിലും പുറത്തും നിത്യജീവിതത്തിനും തൊഴിലിനും ആവശ്യമായ ഡിജി‌റ്റൽ പ്ളാ‌റ്റ്ഫോം നൽകാനും നിലവിലെ ഡാറ്റ ലഭിക്കാത്ത അവസ്ഥ പരിഹരിക്കാനുമാണ് ശ്രമമെന്നും മാത്യു ഉമ്മൻ പറഞ്ഞു.

ജൂലായിൽ നടന്ന വെർച്വൽ പ്രതിവർഷ മീ‌റ്റിലാണ് ഗൂഗിൾ സഹകരണത്തോടെ ആൻഡ്രോയിഡ് അടിസ്ഥാന 4ജി 5ജി സംവിധാനമുള‌ള സ്‌മാർട്ട്ഫോൺ ലഭ്യമാക്കുന്നതിനെ കുറിച്ചും, ഹോളോഗ്രാഫിക് വീഡിയോ കോളിംഗ് സംവിധാനമുള‌ള ഹെഡ്‌സെ‌‌റ്റ് വികസിപ്പിക്കുന്നതും ഇവ ചേർത്ത് 5000 രൂപയിൽ താഴെയുള‌ള 5ജി ഫോൺ പുറത്തിറക്കാനുള‌ള പദ്ധതി ജിയോ പ്രഖ്യാപിച്ചത്. ഡിസംബർ മാസത്തോടെ ഈ ഫോൺ ലഭ്യമാകുമെന്നാണ് കരുതുന്നത്. റിലയൻസ്-ഗൂഗിൾ ഫോൺ വരുന്നതോടെ രാജ്യത്തുള‌ള ചൈനീസ് മൊബൈൽ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയായേക്കുമെന്നാണ് കമ്പനി പ്രതീക്ഷ.

33,737 കോടിയുടെ പങ്കാളിത്തമാണ് ഗൂഗിളുമായി ജിയോയ്‌ക്കുളളത്. ഷവോമി, ബിബികെ ഇലക്ട്രോണിക്‌സ് എന്നിവയ്‌ക്ക് വലിയ ഭീഷണിയാണ് ഈ പങ്കാളിത്തം. റിയൽമി,ഒപ്പോ,വിവോ സ്‌മാർട്ട്ഫോൺ ബ്രാൻഡുകൾ ബിബികെ ഇലക്‌ട്രോണിക്‌സ് കമ്പനിയുടെയാണ്. ലോകനിലവാരമുള‌ള 5ജി ഫോണുകളാകും രാജ്യത്ത് വൈകാതെ എത്തുക.

രാജ്യത്ത് 5ജി നെ‌റ്റ്‌വർ‌ക്ക് ആരംഭിച്ചിട്ടില്ല. ഇതിനായുള‌ള സ്‌പെ‌ക്‌ട്രം വിതരണം ആരംഭിച്ചിട്ടില്ല. ഈ വർഷം 5ജി സംവിധാനം നടപ്പാക്കാനുള‌ള സാഹചര്യം നിലവിൽ വിരളമാണ്.