
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണം നടത്തുന്ന കെ.മുരളീധരനെ തളളി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. കുറച്ചുകാലമായി മുരളീധരൻ പറയുന്നതൊന്നും താൻ കേൾക്കാറില്ലെന്നായിരുന്നു മുല്ലപ്പളളിയുടെ പരിഹാസം. ജോസ് കെ മാണി മുന്നണി വിട്ടതിൽ കെ മുരളീധരൻ രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്നും മുല്ലപ്പളളി പറഞ്ഞു.
കേരള കോൺഗ്രസ് വിഷയത്തിൽ പാർട്ടിയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് മുരളീധരൻ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. സൂം മീറ്റിംഗിലാണ് ചർച്ച നടന്നത്. ഓരോ നേതാക്കളും എന്തൊക്കെയാണ് യോഗത്തിൽ സംസാരിച്ചത് എന്നതിനടക്കം തെളിവുണ്ട്. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടെന്ന മുരളീധരന്റെ പ്രതികരണം താൻ കേട്ടിട്ടില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസമായി കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളീധരൻ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ഈയിടെയാണ് പാർട്ടിയുടെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം കെ.മുരളീധരൻ രാജിവച്ചത്. ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കണ്ടല്ലോ എന്ന് കരുതിയാണ് രാജിയെന്നായിരുന്നു ഇതിന് ശേഷം നടത്തിയ പ്രതികരണം. വെൽഫയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയത് യു.ഡി.എഫ് തീരുമാന പ്രകാരമാണെന്നും ജോസ് കെ മാണി മുന്നണി വിട്ടതിൽ നേതൃത്വത്തിന് തെറ്റ് സംഭവിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.