
ന്യൂഡൽഹി: പ്രോട്ടോകോൾ ലംഘനാരോപണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരന് ക്ളീൻചിറ്റ്. വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിക്കാർ ഉന്നയിച്ചിരുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എ.ഇ എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം.
അബുദാബിയിൽ നടന്ന മന്ത്രിതല ഉന്നതയോഗത്തിൽ പ്രോട്ടോകോൾ ലംഘിച്ച് മഹിളാമോർച്ച നേതാവ് സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചു എന്നായിരുന്നു വിദേശകാര്യ സഹമന്ത്രി മുരളീധരനെതിരായ പരാതി. ഇത് സംബന്ധിച്ച് ലോക്‌താന്ത്രിക് യുവജനതാദൾ പ്രസിഡന്റ് സലീം മടവൂർ ഉൾപ്പടെയുളളവർ നൽകിയ പരാതിയാണ് മന്ത്രാലയം തളളിയത്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് യു.എ.ഇ എംബസിയോട് അന്വേഷിച്ചിരുന്നു. ഇതിന് മറുപടിയായി യു.എ.ഇ എംബസി വെൽഫെർ ഓഫീസർ നൽകിയ മറുപടി വന്നതോടെയാണ് പരാതി തളളിയത്.