
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കുടുക്കിയ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി പുറത്ത്. ശിവശങ്കർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് വേണുഗോപാൽ എൻഫോഴ്‌സ്‌മെന്റിന് നൽകിയിരിക്കുന്ന മൊഴി. ജോയിന്റ് ലോക്കർ തുറന്ന ശേഷം പണം നിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങൾ മൊഴിയിൽ വിശദീകരിക്കുന്നുണ്ട്. ലോക്കർ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശിവശങ്കർ സ്വപ്‌ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയതെന്നാണ് വേണുഗോപാൽ പറയുന്നത്.
പണം കൈമാറിയതിന് ശേഷമുളള ചർച്ചകളിലും ശിവശങ്കർ സ്വപ്‌നയ്‌ക്കൊപ്പം പങ്കെടുത്തു. സ്വപ്‌ന സുരേഷിനെ വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താൻ അവിടെനിന്ന് മടങ്ങിയെന്നാണ് ശിവശങ്കർ എൻഫോഴ്‌സ്‌മെന്റിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ശിവശങ്കറിന്റെ മൊഴി പൂർണമായും തളളുകയാണ് വേണുഗോപാൽ. മുഴുവൻ സമയവും ചർച്ചയിൽ ശിവശങ്കർ ഉണ്ടായിരുന്നുവെന്ന് വേണുഗോപാൽ പറയുന്നു.
തനിക്ക് പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്‌ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കർ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. അതിൽ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാൽ മുപ്പത് ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കർ തുറന്ന് പണം നിക്ഷേപിച്ച ശേഷം ശിവശങ്കറിന് താൻ വാട്‌സാപ്പ് സന്ദേശം അയച്ചെന്നും തിരികെ അദ്ദേഹം നന്ദി പറഞ്ഞുവെന്നും വേണുഗോപാൽ പറയുന്നു.
ശിവശങ്കറുമായി ദീർഘകാലത്തെ ബന്ധമുളളതിനാലാണ് സ്വപ്‌ന സുരേഷിൽ നിന്ന് ഫീസ് വാങ്ങാതിരുന്നത്. ലോക്കർ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു. പലതവണയായി അവർ 30 ലക്ഷം രൂപ ലോക്കറിൽ നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കർ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂർണമായും പണമെടുത്ത ശേഷം ലോക്കർ ക്ലോസ് ചെയ്യാൻ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. വേണുഗോപാലിനെ എൻഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിൽ സാക്ഷി പട്ടികയിലാണ് ഉൾപ്പടുത്തിയിരിക്കുന്നത്