sbi

മുംബയ്: നവരാത്രി, ദീപാവലി ഉൾപ്പടെയുളള ഉത്സവകാലം അടുത്തിരിക്കെ ഭവന വായ്‌പ പലിശ കാൽ ശതമാനം കുറച്ച് എസ്.ബി.ഐ. 75 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുളള വീട് വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്.ബി.ഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയുംവേണം. ഇതോടെ 30 ലക്ഷം രൂപ വരെയുളള ഭവന വായ്‌പയ്‌ക്ക് ഈടാക്കുന്ന പലിശ 6.90ശതമാനമായി കുറഞ്ഞു. അതിനുമുകളിലുളള വായ്‌പയ്‌ക്ക് ഏഴ് ശതമാനമാകും പലിശ.

ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് പത്ത് മുതൽ ഇരുപത് വരെ ബേസിസ് പോയന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപവരെയുളള വായ്‌പകൾക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാൽ അഞ്ച് ബേസിസ് പോയന്റിന്റെ അധിക ആനുകൂല്യവും എസ് ബി ഐ പ്രഖ്യാപിച്ചിരുന്നു.

വാഹന, സ്വർണ, വ്യക്തിഗത വായ്‌പകൾക്കുളള പ്രൊസസിംഗ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്‌പയ്‌ക്ക് 7.5 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. സ്വർണപണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5 ശതമാനം, 9.6 ശതമാനം എന്നിങ്ങനെയാണ് പലിശ.