
കുഞ്ഞുനാൾ മുതൽ  സജിൻ സ്വപ്‌നം കണ്ടതായിരുന്നു അഭിനയം. ഇടയ്ക്ക് ചില ജീവിതവേഷങ്ങൾ വന്നുപോയെങ്കിലും അന്നും ഇന്നും കാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് തന്റെ ഉള്ളിൽ സന്തോഷം തുളുമ്പുന്നതെന്ന് ഈ നടൻ വ്യക്തമാക്കുന്നു...
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സ്വപ്‌നം കണ്ടിടത്തേക്ക് മടങ്ങിയെത്തുക, എല്ലാവരെയും തേടിയെത്തുന്ന ഭാഗ്യമല്ല അത്. അത്രയധികം ആഗ്രഹിച്ചതുകൊണ്ടാവാം മനസിൽ എന്നുമുണ്ടായിരുന്ന അഭിനയമോഹം സഫലമായത്. ഇപ്പോൾ കാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ കടന്നുവന്ന യാത്രയിലെ ഓരോ നിമിഷവും സജിന്റെ മനസിലുണ്ട്.
ഓർമ്മ വച്ച നാൾ മുതലുള്ള ആഗ്രഹമായിരുന്നു വലുതാകുമ്പോൾ കാമറയ്‌ക്ക് മുന്നിൽ നിൽക്കണമെന്നത്. പത്തുവർഷങ്ങൾക്ക് മുമ്പ് 'പ്ലസ് ടു" എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ചപ്പോൾ സജിന്റെ മനസിൽ നിറയെ പ്രതീക്ഷകളായിരുന്നു. പക്ഷേ, കരിയറിൽ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. പിന്നെ സംഭവിച്ചത് അവസരങ്ങൾക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് മാത്രമായിരുന്നു. നല്ലൊരു കഥാപാത്രത്തിനായി ഏറെ അലഞ്ഞു. വർഷങ്ങൾ ഓരോന്ന് കൊഴിഞ്ഞുപോയപ്പോഴും ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ല സജിൻ. തന്റെ ദിവസം വരുമെന്ന് തന്നെ പ്രിയപ്പെട്ടവരോട് അവൻ പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ സ്വപ്‌നം കണ്ടതു പോലെ മികച്ച കഥാപാത്രം സജിനെ തേടിയെത്തി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന 'സാന്ത്വനം" സീരിയലിലെ ശിവൻ എന്ന കഥാപാത്രം ഇന്ന് സജിന് പകർന്നു നൽകുന്ന പ്രതീക്ഷയും സന്തോഷവും ഏറെയാണ്. അത്രയധികം കണ്ടുപരിചയമില്ലാത്ത വേഷത്തിൽ, തികഞ്ഞ പരിചയസമ്പന്നതയോടെ, കൈയടക്കത്തോടെയാണ് സജിൻ അവതരിപ്പിക്കുന്നത്.
''കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്, വലിയ സന്തോഷമാണ്. അത് പറഞ്ഞറിയിക്കാൻ കഴിയില്ല. രഞ്ജിത്തേട്ടന്റെ പ്രൊഡക്ഷൻസിലാണ് സീരിയിൽ എത്തുന്നത്. നല്ല ടീമിനൊപ്പം തിരിച്ചു വരാൻ പറ്റിയതാണ് ഇപ്പോഴത്തെ വലിയ സന്തോഷങ്ങളിൽ ഒന്ന്. ശിവൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്നുണ്ട്. നന്നായി പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാണ്. അത് മറ്റൊരു സന്തോഷം. എന്റെ സ്വഭാവത്തിൽ നിന്നും ഏറെ വ്യത്യസ്‌തനായ ഒരാളാണ് ശിവൻ. 26 എപ്പിസോഡ് കഴിഞ്ഞിട്ടേയുള്ളൂ. ഞാൻ നല്ല എക്സൈറ്റ്മെന്റിലാണ്. തുടക്കം ശരിയാകുമോയെന്ന പേടിയുണ്ടായിരുന്നു. ചുറ്റിലുമുള്ളവർ പകർന്നു തരുന്ന ഊർജമാണ് എന്റെ ധൈര്യം." സജിൻ വിശേഷങ്ങൾ പങ്കുവച്ച് തുടങ്ങി.
മനസിൽ പണ്ടേ കൂടുകൂട്ടിയ ഇഷ്‌ടം
അഭിനയം പാഷൻ തന്നെയായിരുന്നു. എന്താകണമെന്ന് ആര് ചോദിച്ചാലും അഭിനയിക്കണം, നല്ല നടനാകണം എന്നതായിരുന്നു കുറച്ച് വലുതായതിന് ശേഷം പതിവായി ഞാൻ ഉത്തരം പറഞ്ഞിരുന്നത്. അതല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞാൻ ആലോചിച്ചിരുന്നില്ല എന്നായിരുന്നു സത്യം. വേറൊരു ജോലി ചെയ്യണമെന്ന് ഇതുവരെ ആഗ്രഹം തോന്നിയിട്ടുമില്ല. ഇനി അങ്ങനെ ഉണ്ടാകുകയുമില്ല. എനിക്ക് നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാകും. മറ്റൊരു ജോലിയോടും എനിക്കിത്രയും നീതി പുലർത്താൻ പറ്റിയെന്നു വരില്ല. പലർക്കും ഇതെന്റെ രണ്ടാമത്തെ വരവാണെന്ന കാര്യം അറിയില്ല. പുതിയ നടനാണെന്ന് കരുതുന്നവരാണ് ഏറെയും. 'പ്ലസ് ടു" എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. സ്‌കൂളിലൊക്കെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടകം, മോണോ ആക്‌ട് ഒക്കെ സ്ഥിരം ഐറ്റങ്ങളായിരുന്നു. അന്ന് കിട്ടിയ കൈയടികളാണ് അഭിനയമെന്ന മോഹം മനസിൽ വേരുറപ്പിക്കാൻ കാരണം.
പ്രിയപ്പെട്ടവളാണ് കരുത്ത്
ഏറ്റവും കൂടുതൽ പിന്തുണയ്‌ക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അത് ഭാര്യ ഷഫ്ന തന്നെയാണ്. എന്റെ മടങ്ങി വരവിന് ഏറെ കാത്തിരുന്നതും അവളാണ്. അഭിനയത്തോട് എനിക്ക് എത്രത്തോളം ഇഷ്‌ടമുണ്ടെന്നത് അവൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഇത്രയും വർഷത്തെ കാത്തിരിപ്പൊന്നും അവൾക്ക് ഒരു പ്രശ്‌നമായിരുന്നില്ല, വീട്ടിൽ അച്‌ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തിയമ്മ എല്ലാവരും നന്നായി പിന്തുണയ്‌ക്കുന്നുണ്ട്. സത്യത്തിൽ അവരെല്ലാം എന്റെ ഈ മടങ്ങിവരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഷ്‌ടപ്പാടുകളൊക്കെ നന്നായി അറിയാവുന്നത് അവർക്കായിരുന്നല്ലോ. അപ്പോഴൊന്നും മറ്റൊരു ജോലിക്ക് ശ്രമിക്ക് എന്നു പറഞ്ഞ് അവരാരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും. മനസ് മടുത്തു പോയ സമയമൊക്കെയുണ്ടായിട്ടുണ്ട്. എന്നെങ്കിലുമൊരു നാൾ എന്റെ സ്വപ്‌നത്തിലേക്ക് ഞാനെത്തുമെന്ന ഉറപ്പായിരുന്നു അപ്പോഴെല്ലാം കരുത്തായത്.

സൗഹൃദം പ്രണയമായി
അഭിനയത്തിൽ ഷഫ്നയാണ് എന്നേക്കാൾ സീനിയർ. കുറേ സിനിമകളും സീരിയലുകളും അവൾ ചെയ്‌തു കഴിഞ്ഞു. എന്റെ അഭിനയം കണ്ടിട്ട് ചെറിയ ചെറിയ കാര്യങ്ങളൊക്കെ പറഞ്ഞു തരാറുണ്ട്. അതുപോലെ വിമർശിക്കാറുമുണ്ട്. നോട്ടം ശരിയായില്ല, അല്ലെങ്കിൽ ആ രംഗം കുറച്ച് കൂടി ശരിയാക്കേണ്ടിയിരുന്നുവെന്നൊക്കെ പറയും. അതുപോലെ തന്നെ അഭിനന്ദിക്കാറുമുണ്ട്. രണ്ടുപേരും കൂടി ഒന്നിക്കുന്ന പ്രോജക്‌ടിനെ കുറിച്ചാണ് ഇപ്പോൾ സുഹൃത്തുക്കളൊക്കെ സംസാരിക്കുന്നത്. 'പ്ലസ് ടു"വിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു തുടങ്ങിയത്. അത് പിന്നീട് നല്ല സൗഹൃദമായി. പതിയെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തി. രണ്ടുപേരും ഒന്നിച്ചുള്ള ഒരു പ്രോജക്‌ട് വന്നാൽ അപ്പോൾ ആലോചിക്കാമെന്നേ എനിക്ക് പറയാൻ കഴിയുന്നുള്ളൂ. സത്യത്തിൽ എനിക്ക് ഷഫ്നയ്‌ക്ക് മുന്നിൽ നിന്ന് അഭിനയിക്കാൻ ചമ്മലാണ്. അവൾക്ക് ഈ രംഗത്ത് നല്ല എക്‌സ്‌പീരിയൻസുണ്ട്. ഞാൻ തുടക്കക്കാരനുമാണ്. പക്ഷേ ഞങ്ങളൊരുമിച്ച് അഭിനയിക്കണം എന്നതൊക്കെ ഷഫ്നയ്‌ക്ക് വലിയ ഇഷ്‌ടമാണ്, അവളത് പറയാറുമുണ്ട്. എനിക്ക് ഇഷ്‌ടക്കുറവല്ല, പക്ഷേ ഷഫ്നയ്‌ക്ക് മുന്നിൽ നിന്ന് അഭിനയിക്കാൻ പറ്റുമെന്ന് തോന്നണില്ല (ചിരിക്കുന്നു). ഞാനിവിടെ ലൊക്കേഷനിൽ പോലും അവളെ വരാൻ സമ്മതിക്കാറില്ല. വന്നാലും മാറി നിൽക്കാനേ പറയൂ. അവള് നോക്കുന്നത് കണ്ടാൽ എന്തോ ചമ്മലാണ്.
അഭിനയമല്ലാതെ മറ്റൊരു സ്വപ്‌നമില്ല
ഏറെ കാത്തിരുന്ന് കിട്ടിയ വേഷമായതുകൊണ്ട് തന്നെ മികച്ചതാക്കാൻ ശ്രദ്ധിക്കാറുണ്ട്. സ്വന്തം അഭിനയത്തെ വിലയിരുത്താനൊന്നും എനിക്ക് അറിയില്ല. അത് കുറച്ച് പ്രയാസമാണ്. കാരണം എന്റെ സീനൊന്നും എനിക്ക് കാണാൻ പറ്റില്ല. അതും എനിക്ക് ചമ്മലാണ്. ഇവൻ എന്താ ഈ കാണിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. കുറച്ചൂടെ നന്നാക്കാമായിരുന്നുവെന്ന് ചിന്തിക്കും. അഭിനയിക്കുന്നത് ശരിയാകുന്നുണ്ടോ എന്ന തോന്നൽ എനിക്ക് കൂടുതലാണ്. ഇത് പോര, ഇനിയും ശരിയാക്കണമെന്ന് എനിക്കും അറിയാം. സിനിമ ആഗ്രഹമാണ്. എന്നാലും സിനിമ, സീരിയൽ അങ്ങനെ വേർതിരിവൊന്നും ഇല്ല. അഭിനയിക്കുക എന്നതാണ് ഏറ്റവും ഇഷ്‌ടം. നല്ല കഥാപാത്രങ്ങൾ ചെയ്യണം, പ്രേക്ഷകർക്ക് അത് ഇഷ്‌ടമാകണം അത്രയേ മനസിലുള്ളൂ. സിനിമ വിളിച്ചാൽ തീർച്ചയായും ബിഗ് സ്ക്രീനിലുണ്ടാകും. കാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിലും ഇല്ല. വ്യത്യസ്‌തമായ വേഷങ്ങൾ തന്നെയാണ് ഏതൊരുആർട്ടിസ്റ്റിനെയും പോലെ ഞാനും ആഗ്രഹിക്കുന്നത്.

ഓരോ നിമിഷവും സ്വയം മിനുക്കണം
എന്റെ സ്വഭാവവുമായി ഒരു ബന്ധവും ഇല്ലാത്ത വേഷമാണ് ശിവൻ. നാലുസഹോദരങ്ങളാണ്. ഞാൻ മൂന്നാമത്തെ സഹോദരനായിട്ടാണ് എത്തുന്നത്. വല്യേട്ടനെ അവതരിപ്പിക്കുന്നത് രാജീവേട്ടനാണ്. രണ്ടാമത്തെ ചേട്ടനായി എത്തുന്നത് ഗിരീഷ് നമ്പ്യാർ, അനുജനായി എത്തുന്നത് അച്ചു സുഗന്ദും. ഏട്ടത്തിയമ്മ ചിപ്പി ചേച്ചിയാണ്. ഇവരൊക്കെ തന്നെയാണ് എനിക്ക് ധൈര്യം പകരുന്നത്. ശിവൻ എന്ന കഥാപാത്രം കുറച്ച് ദേഷ്യക്കാരനാണ്. വിദ്യാഭ്യാസം കുറവാണ്. പഠിപ്പൊക്കെ ചെറുപ്പത്തിൽ അവസാനിപ്പിച്ച് കുടുംബം നടത്തുന്ന കട നോക്കുന്ന കഥാപാത്രം. പക്ഷേ, വലിയ തയ്യാറെടുപ്പൊന്നും ഇല്ലാതെയാണ് അഭിനയിച്ച് തുടങ്ങിയത്. ഒരുപാട് അതിനെ കുറിച്ച് ചിന്തിച്ചാൽ മൊത്തം കൈയിൽ നിന്നില്ലെങ്കിലോ എന്ന പേടിയാണ്. അതുകൊണ്ട് വലിയ തയ്യാറെടുപ്പൊന്നും നടത്താതെ എന്നെ കൊണ്ട് പറ്റും എന്ന വിശ്വാസത്തിലാണ് കാമറയ്‌ക്ക് മുന്നിൽ പോയി നിന്നത്. അതെന്തായാലും തരക്കേടില്ലെന്ന് തോന്നുന്നു. അങ്ങനെ പറയാനേ എനിക്ക് പറ്റൂ. പക്ഷേ, നല്ല അഭിപ്രായം പറയുന്നവരൊക്കെയുണ്ട്. എന്നാലും എന്റെ മനസിൽ ഞാൻ ഇനിയും നന്നായി ചെയ്യേണ്ടതുണ്ട് എന്ന് തന്നെയാണ്. ഓരോ നിമിഷവും പുതുക്കി കൊണ്ടിരിക്കണം. ചെയ്‌ത് ചെയ്‌തേ അതിലേക്ക് എത്താൻ കഴിയൂവെന്ന് അറിയാം. എന്നാലും എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് സ്നേഹവും നന്ദിയുമുണ്ട്.
അലച്ചിലും കഷ്‌ടപ്പാടും ഏറെയായിരുന്നു
ഇതുവരെ എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരുണ്ട്, അവരൊടൊക്കെ പറയാനുള്ളത് അന്വേഷണത്തിലായിരുന്നു എന്നാണ്. നല്ലൊരു വേഷത്തിന് വേണ്ടിയുള്ള അന്വേഷണം. കുറച്ചധികം വർഷമായെന്ന് എനിക്കും അറിയാം. ഓഡിഷൻ അറ്റൻഡ് ചെയ്യുക, അവസരങ്ങൾ തേടിപ്പോവുക ഇതൊക്കെയായിരുന്നു പ്രധാന പരിപാടികൾ. പറയുമ്പോൾ അത് ഈസിയായി തോന്നും. പക്ഷേ അന്നൊക്കെ ഒത്തിരി വിഷമിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു കാർഷോറൂമിൽ സെയിൽസിൽ വർക്ക് ചെയ്‌തിരുന്നു. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കിയിട്ടുമുണ്ട്. ഇതിനിടയിൽ ഒരു തമിഴ് സീരിയൽ ചെയ്‌തിരുന്നു. പക്ഷേ അത് കുറച്ച് നാളേ ഉണ്ടായിരുന്നുള്ളൂ. പിന്നെയും ഗ്യാപ് വന്നു. അപ്പോഴും മുടങ്ങാതെ ചെയ്‌ത ഒന്നേയുള്ളൂ, അവസരങ്ങൾക്കായുള്ള അന്വേഷണം.
മനസിലുണ്ട് ആ സ്‌നേഹം
നന്ദിയും കടപ്പാടും ഒരുപാട് പേരോടുണ്ട്. പ്രൊഡ്യൂസർ രഞ്ജിത്തേട്ടൻ, ചിപ്പിചേച്ചി, സംവിധായകൻ ആദിത്യൻ അങ്ങനെയൊരു നീണ്ട നിര തന്നെ പറേയണ്ടി വരും. ആദിത്യൻ സാർ ടെൻഷനാക്കാതെ കംഫർട്ട് സോണിൽ നിറുത്തിയാണ് ചെയ്യിക്കുന്നത്. നമ്മളറിയാതെ തന്നെ വേണ്ടത് സാറെടുക്കുന്നുണ്ട്. അതൊക്കെ വലിയ കാര്യമാണ്. സജി സൂര്യ (പ്രൊഡക്ഷൻ കൺട്രോളർ )യാണ് മറ്റൊരു കടപ്പാടുള്ള വ്യക്തി. പുള്ളിയാണ് ഷഫ്നയെ വിളിച്ചിട്ട് ഒരു സീരിയൽ വരുന്നുണ്ടെന്ന് പറയുന്നതും ഓഡിഷൻ അറ്റൻഡ് ചെയ്യാനുമൊക്കെ പറയുന്നത്.
സിനിമയൊക്കെ ചെയ്‌തിട്ടുണ്ടെങ്കിലും ഇപ്പോഴും ഞാനൊരു പുതിയ ആള് തന്നെയാണ്. എനിക്കൊന്നും അറിയില്ല. ചേർത്ത് പിടിച്ച ഒരുപാട് പേരുടെ മുഖം മനസിലുണ്ട്, ഒന്നും മറക്കില്ല എന്നുമാത്രമേ അവരോടൊക്കെ പറയാനുള്ളൂ. നിങ്ങളൊക്കെയാണ് എന്റെ ശക്തിയും ഊർജവും.